ഗുവാഹത്തി:ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരയെ ഇന്ത്യ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈ വർഷം ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിന്‍റെ പശ്ചാത്തലത്തിലാണ് പരമ്പരക്ക് പ്രാധാന്യം വർദ്ധിക്കുന്നത്. പുതുവർഷത്തിലെ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. പരിക്ക് ഭേദമായ പേസ് ബൗളർ ജസ്പ്രീത് ബൂമ്രയും ഓപ്പണിങ് ബാറ്റ്സ്‌മാന്‍ ശിഖർ ധവാനും മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ മാസം തന്നെ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങൾക്കുള്ള സംഘത്തിലും ബൂമ്രയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുവർഷത്തെ ആദ്യ ജയത്തിനായി ഇന്ത്യയും ശ്രീലങ്കയും - വിരാട് കോലി വാർത്ത
പൗരത്വ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കർശന സുരക്ഷയാണ് ട്വന്‍റി-20 മത്സരം നടക്കുന്ന ഗുവാഹത്തി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്
നേരത്തെ ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയാണ് ബൂമ്രക്ക് പരിക്കേറ്റത്. സെയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കിടെയാണ് ധവാന് പരിക്കേറ്റത്. അതേസമയം പരിക്കില്‍ നിന്നും മുക്തനായ ധവാന്‍ കഴിഞ്ഞ ദിവസം രഞ്ജി ട്രോഫി മത്സരത്തില്‍ സെഞ്ച്വറിയോടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. കെ എല്‍ രാഹുലിനൊപ്പം ധവാന്‍ ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു താരം. ഇന്ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ഒരു റണ്‍സ് കൂടി എടുത്താല്‍ ട്വന്‍റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി കോലി മാറും. വേഗത കുറഞ്ഞ ഗുവാഹത്തിയിലെ പിച്ചില്‍ സ്‌പിന്‍ ആക്രമണത്തിനാകും ഇരു ടീമുകളും മുതിരുക.
അതേസമയം ഓസ്‌ട്രേലിയക്ക് എതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് ലങ്കന്‍ ടീം കോലിയെയും കൂട്ടരെയും നേരിടാന്‍ എത്തുന്നത്. ബാറ്റ്‌സ്‌മാന്മാര്‍ ഫോമിലല്ലെന്നതാണ് മലിംഗ നയിക്കുന്ന ലങ്കന്‍ ടീമിന്‍റെ പോരായ്‌മ. ഇന്ത്യക്കെതിരെ ഒരു ട്വന്‍റി-20 പരമ്പര സ്വന്തമാക്കാന്‍ ഇതേവരെ ലങ്കക്കായിട്ടില്ല. ഇതേവരെ 16 ട്വന്‍റി-20 മത്സരങ്ങൾ ഇന്ത്യയും ലങ്കയും തമ്മില്‍ കളിച്ചപ്പോൾ 11 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. മൂന്ന് ട്വന്‍റി-20 മത്സരങ്ങളാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.