ദക്ഷിണാഫ്രിക്ക 275 ന് ഓൾഔട്ട്; പൂനെയില്‍ ഇന്ത്യൻ മേല്‍ക്കൈ - പൂനെ ക്രിക്കറ്റ് ടെസ്റ്റ്
രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്ത് വേഗത്തില്‍ സ്കോർ ഉയർത്താനാകും ഇന്ത്യ ശ്രമിക്കുക.
പൂനെ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 601 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 275 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്ക ഓൾഔട്ടായതോടെ മൂന്നാം ദിനം കളി അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്ക ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 326 റൺസ് പിന്നാലാണ്. നാളെ നാലാം ദിനം ആരംഭിക്കുമ്പോൾ രണ്ടാംഇന്നിംഗ്സ് ബാറ്റ് ചെയ്ത് വേഗത്തില്‍ സ്കോർ ഉയർത്താനാകും ഇന്ത്യ ശ്രമിക്കുക. രാവിലെ രണ്ട് സെഷൻ ബാറ്റ് ചെയ്ത ശേഷം മികച്ച ടോട്ടല്‍ ഉയർത്തുകയെന്നതാകും ഇന്ത്യയുടെ ലക്ഷ്യം. ഇന്ന് മുൻനിര വിക്കറ്റുകൾ അതിവേഗം നഷ്ടമായ ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയില്‍ നിന്ന് കരകയറ്റിയത് അർദ്ധ സെഞ്ച്വറി നേടിയ നായകൻ ഫാഫ് ഡുപ്ലിസിയും വാലറ്റത്ത് 72 റൺസെടുത്ത് പുറത്തായ കേശവ് മഹാരാജുമാണ്. 44 റൺസുമായി വെർണോൺ ഫിലാൻഡർ കേശവ് മഹാരാജിന് മികച്ച പിന്തുണ നല്‍കി. 109 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നേടിയത്.