ഓക്‌ലന്‍ഡ്:ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ജയത്തിന് പിന്നാലെ ടീമിലെ ബൗളര്‍മാരെ അഭിനന്ദിച്ച് ക്യാപ്‌റ്റന്‍ വിരാട് കോലി. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്‍റി 20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഷര്‍ദുല്‍ ഠാക്കൂര്‍ മാത്രമാണ് ഒരു ഓവറില്‍ പത്തിന് മുകളില്‍ റണ്‍ വഴങ്ങിയത്. മുഹമ്മദ് ഷമി (നാല് ഓവറില്‍ 22 റണ്‍സ്), ജസ്‌പ്രീത് ബുംറ (നാല് ഓവറില്‍ 21 റണ്‍സ്) ചഹല്‍ (നാല് ഓവറില്‍ 33 റണ്‍സ്), ശിവം ദുബെ (രണ്ട് ഓവറില്‍ 16 റണ്‍സ്) എന്നിവര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി. കഴിഞ്ഞ മത്സരത്തില്‍ 'നല്ലവണ്ണം തല്ലുകൊണ്ട' ഇന്ത്യന്‍ ബൗളര്‍മാര്‍ ഗംഭീര തിരിച്ചുവരവാണ് ഇന്നത്തെ മത്സരത്തില്‍ പുറത്തെടുത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി.
രണ്ടാം ടി-20 ജയത്തില്‍ നിര്‍ണായകമായത് ബൗളര്‍മാരുടെ പ്രകടനം: വിരാട് കോലി - ന്യൂസിലന്‍ഡ് പരമ്പര
ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിനെ 132 റണ്‍സില്‍ ഒതുക്കിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കിവിപ്പടയെ വരിഞ്ഞുമുറുക്കിയത്
മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബൗളര്‍മാരുടെ പ്രകടനത്തെ പുകഴ്‌ത്തി കോലി രംഗത്തെത്തിയത്. ബൗളര്‍മാരാണ് മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. മികച്ച ലൈനിലും ലെങ്തിലുമാണ് താരങ്ങള്‍ പന്തെറിഞ്ഞത്. മികച്ച ബാറ്റിങ് നിരയുള്ള ടീമിനെ ചെറിയ സ്‌കോറിലൊതുക്കാന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമായെന്നും കോലി അഭിപ്രായപ്പെട്ടു. 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത കെഎല്‍ രാഹുല്‍ - ശ്രേയസ് അയ്യര്‍ സഖ്യത്തിന്‍റെ പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഫീല്‍ഡിങ്ങിലെ മികവും ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായെന്ന് കോലി പറഞ്ഞു. മികച്ച പ്രകടനം കാഴ്‌ച വച്ച ജഡേജയെ കോലി പ്രത്യേകം അഭിനന്ദിച്ചു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കിവിപ്പടയെ വരിഞ്ഞുമുറുക്കിയത്.