കേരളം

kerala

ETV Bharat / sports

മൊട്ടേരയില്‍ ഇന്ന് കലാശപ്പോര്; ജയിക്കുന്ന ടീമിന് പരമ്പര - ഇഷാന്‍ കിഷന്‍

2019 ഫെബ്രുവരിക്ക് ശേഷം ഒരു ടി20 പരമ്പരയിലും തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ പോക്ക്. 2014ന് ശേഷം ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ടി20 പരമ്പര ജയിക്കാനായിട്ടില്ല എന്നതും ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

sports  india  england  അഹമ്മദാബാദ്  മൊട്ടേര  ടി20  ഇഷാന്‍ കിഷന്‍  സൂര്യകുമാര്‍ യാദവ്
മൊട്ടേരയില്‍ ഇന്ന് കലാശപ്പോര്; ജയിക്കുന്ന ടീമിന് പരമ്പര

By

Published : Mar 20, 2021, 3:55 PM IST

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ജേതാക്കളെ ഇന്നറിയാം. അഞ്ചു മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍ രണ്ട് വീതം വിജയം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇതോടെ സമനിലക്കുരുക്ക് പൊട്ടിച്ച് ഒന്നാമതെത്താനുള്ള കലാശപ്പോരാണ് ഇന്ന് മൊട്ടേരയില്‍ നടക്കുക. വിജയികള്‍ ആരായാലും ടി20 ലോക കപ്പിന് മുന്നോടിയുള്ള പരമ്പര നേട്ടം ടീമിന്‍റെ ആത്മവിശ്വാസത്തെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല.

കഴിഞ്ഞ നാലു മത്സരങ്ങളിലും പരാജയപ്പെട്ട കെഎല്‍ രാഹുലിന് വീണ്ടും അവസരം നല്‍കുമോയെന്നതാണ് ആരാധകരുടെ മുന്നിലുള്ള ചോദ്യം. രാഹുല്‍ പുറത്തായാല്‍ ഇഷാന്‍ കിഷന് ഓപ്പണിങ് സ്ഥാനം തിരികെ ലഭിച്ചേക്കും. ഇഷാന്‍ കിഷനെ മാറ്റി നിര്‍ത്തിയായിരുന്നു നാലാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെ ടീം ഇറക്കിയത്. അര്‍ധ സെഞ്ചുറി നേടി കരുത്തുകാട്ടിയ സൂര്യകുമാറിനെ പുറത്തിരുത്താനും സാധ്യതയില്ല.

ഇതോടെ ഇരുവരും ഒന്നിച്ച് പ്ലേയിങ് ഇലവനില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കഴിഞ്ഞ മത്സരം പൂര്‍ത്തീകരിക്കാനാവാതെ പരിക്കേറ്റ് പുറത്തു പോയ ക്യാപ്റ്റന്‍ കോലി പരിക്ക് ഗുരുതമല്ലാത്തതിനാല്‍ നാലാമത് ഇറങ്ങിയേക്കും. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറും എറിഞ്ഞ് ഒരു സ്‌പെഷലിസ്റ്റ് ബൗളറുടെ റോളിലെത്തിയതും, ശാര്‍ദൂല്‍ ഠാക്കൂര്‍ മാച്ച് വിന്നിങ് പ്രകടനം നടത്തുന്നതും ടീമിന് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്.

ലോകകപ്പിനുള്ള ടീമിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇക്കുറി പുതുമുഖങ്ങളുമായി ഇറങ്ങിയത്. യുവതാരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍ അത് ഏറക്കുറെ വിജയിച്ചുവെന്ന് തന്നെയാണ് വിലയിരുത്തല്‍. നാലാം മത്സരത്തില്‍ വിജയത്തിന്‍റെ അരികെ വെച്ച് തോൽവിയിലേക്ക് വീണ ഇംഗ്ലണ്ട് ടീമിൽ കാര്യമായ അഴിച്ചുപണികൾക്ക് സാധ്യതയില്ല.

അതേസമയം 2019 ഫെബ്രുവരിക്ക് ശേഷം ഒരു ടി20 പരമ്പരയിലും തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ പോക്ക്. 2014ന് ശേഷം ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ടി20 പരമ്പര ജയിക്കാനായിട്ടില്ല എന്നതും ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. അതേസമയം വിദേശത്തു നടന്ന കഴിഞ്ഞ അഞ്ച് ടി20 പരമ്പരകളില്‍ മോര്‍ഗനും സംഘവും തോല്‍വി അറിഞ്ഞിട്ടില്ല. ടി20 റാങ്കിങ്ങില്‍ നിലവില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്.

ABOUT THE AUTHOR

...view details