അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. തോറ്റാല്‍ പരമ്പര നഷ്ടമെന്ന കനത്ത സമ്മര്‍ദ്ദത്തിലാണ് ടീം ഇന്ത്യ മൊട്ടേരയിലിറങ്ങുക. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്താരാഷ്ട്ര ടി20യിലെ ആദ്യ സ്ഥാനക്കാരായ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.
ആദ്യത്തെയും മൂന്നാമത്തെയും കളി ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ കളി മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. ഇതോടെ നാലാം മത്സരവും വിജയിച്ച് പരമ്പര നേട്ടത്തിനാവും സന്ദര്‍ശകര്‍ ഇന്ന് കളത്തിലിറങ്ങുക. എന്നാല്‍ മികച്ച ജയത്തോടെ പരമ്പര സമനിലയിലാക്കാനാവും ഇന്ത്യന്‍ ശ്രമം. സ്പെഷലിസ്റ്റ് സ്പിന്നറായി ടീമില്‍ ഇടം നേടിയ യുവേന്ദ്ര ചാഹല്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന സാഹചര്യത്തില്‍ അക്സര്‍ പട്ടേലിന് അവസരം ലഭിച്ചേക്കും.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഓപ്പണിങ് സ്ഥാനത്ത് പരാജയപ്പെട്ട കെ എൽ രാഹുലിന് പകരം ഇഷാൻ കിഷൻ എത്തിയേക്കും. രാഹുല്‍ പുറത്തായാല്‍ സൂര്യകുമാർ യാദവാകും ടീമില്‍ ഇടം കണ്ടെത്തുക. മൂന്നാം മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നിന്നും സൂര്യകുമാർ യാദവിനെ പുറത്താക്കിയതിനെതിരെ ഗൗതം ഗംഭീര്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഒരു മത്സരം മാത്രം കളിപ്പിച്ചതിന് ശേഷം ടീമിൽ നിന്നും പുറത്താക്കിയ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഒരു കളിക്കാരന്‍റെ പ്രതിഭ വിലയിരുത്താന്‍ മൂന്നോ നാലോ മത്സരങ്ങളെങ്കിലും കളിപ്പിക്കണം. ആദ്യ മത്സരം കളിച്ച സൂര്യകുമാറിന് ബാറ്റുചെയ്യാന്‍ പോലും കഴിഞ്ഞില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ വിലയിരുത്തുക. സൂര്യകുമാറിന്‍റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ പുറത്താക്കിയ തീരുമാനം ഏറെ വേദനിപ്പിച്ചേനെയെന്നും താരത്തോട് സഹതാപമുണ്ടെന്നും ഗംഭീർ പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടോസ് ലഭിച്ച ടീമാണ് വിജയം നേടിയതെന്നിരിക്കെ ഈ മത്സരത്തിലും ടോസ് നിർണായകമാവും. വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക.