പൂനെ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യക്ക് സര്‍വ്വാധിപത്യം. നിർണായകമായ മൂന്നാം ഏകദിനവും പിടിച്ച് പരമ്പര നേടിയതോടെ എല്ലാ ഫോർമാറ്റിലും ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിച്ചു. മത്സരത്തിൽ ഏഴ് റൺസിന്‍റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ ഉയർത്തിയ 330 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 322 റൺസെടുക്കാനെ സാധിച്ചുള്ളൂ. അവസാനം വരെ ചെറുത്തുനിന്ന സാം കറന്‍റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയം വെെകിപ്പിച്ചത്. സാം കറൻ 83 പന്തിൽ 93 റൺസടിച്ച് പുറത്താവാതെ നിന്നു.
സ്കോർ: ഇന്ത്യ- 48.2 ഓവറില്‍ 329 റണ്‍സിന് എല്ലാവരും പുറത്ത്. ഇംഗ്ലണ്ട്- 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 322. ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ 67 റണ്‍സ് വിട്ടുകൊടുത്ത് നാലുവിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ 42 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി.
അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (56 പന്തില്‍ 67), റിഷഭ് പന്ത് (62 പന്തില്‍ 78), ഹര്‍ദിക് പാണ്ഡ്യ ( 62 പന്തില്‍ 78) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. രോഹിത് ശര്‍മ്മ (37 പന്തില്‍37), വിരാട് കോലി (10 പന്തില്‍ ഏഴ്), കെഎല്‍ രാഹുല്‍ (18 പന്തില്‍ ഏഴ്), ക്രുണാല്‍ പാണ്ഡ്യ (34 പന്തില്‍ 25), ശാര്‍ദുല്‍ താക്കൂര്‍ (21 പന്തില്‍ 30), ഭുവനേശ്വര്‍ കുമാര്‍ (അഞ്ചു പന്തില്‍ മൂന്ന്), പ്രസിദ്ധ് കൃഷ്ണ ( മൂന്ന് പന്തില്‍ പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
ഇംഗ്ലണ്ട് നിരയിൽ 50 പന്തിൽ 50 റൺസെടുത്ത ഡേവിഡ് മലാനും തിളങ്ങി. ലയാം ലിവിംഗ്‌സ്റ്റണ്‍ 31 പന്തില്‍ 36 റണ്‍സടിച്ചു. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും ആദില്‍ റഷീദ് രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ നടന്ന ടി20, ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു.