കൊല്‍ക്കത്ത: ഈഡനിലെ പിങ്ക് ബോൾ മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ആദ്യ ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. അർധ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോലിയും 23 റണ്‍സെടുത്ത അജങ്ക്യാ രഹാനെയുമാണ് ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ക്രീസില്‍. കോലി 93 പന്തില്‍ 59 റണ്‍സെടുത്തു.
105 പന്തില്‍ 55 റണ്‍സെടുത്ത ചേതേശ്വർ പുജാരയുടെയും ഓപ്പണിങ് ബാറ്റ്സ്മാന്‍മാരായ മായങ്ക് അഗർവാളിന്‍റെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇബദട് ഹസന്‍റെ പന്തില്‍ ഷദ്മാന്‍ ഇസ്ലാമിന് ക്യാച്ച് വഴങ്ങിയാണ് പുജാര പുറത്തായത്. 14 റണ്‍സെടുത്ത മായങ്ക് അല്‍-ആമിന്‍ ഹുസൈന്‍റെ പന്തില്‍ വിക്കറ്റ് കീപ്പർ മെഹ്ദി ഹസന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഹിറ്റ്മാന്‍ രോഹിത് ശർമ്മ ഇബദട് ഹസന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 68 റണ്‍സിന്‍റെ ലീഡാണുള്ളത്.
12 റണ്‍സ് മാത്രം വഴങ്ങി ബംഗ്ലാദേശിനായി ഇബദട് ഹസന്‍ രണ്ട് വിക്കറ്റുകൾ എടുത്തു. അല്‍-ആമിന്‍ ഹുസൈനാണ് ബംഗ്ലാദേശിനായി ഒരു വിക്കറ്റും പിഴുതു നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 106 റണ്‍സിന് ഓൾഔട്ടായി. ഇന്ത്യയുടെ പ്രഥമ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിലെ ആദ്യ വിക്കറ്റ് ഇശാന്ത് ശർമ്മയാണ് നേടിയത്. നാല് റണ്‍സെടുത്ത ഓപ്പണർ ഇമ്രുൾ കയീസിനെ ഇശാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. 22 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് എടുത്ത ഇശാന്ത് ശർമ്മയാണ് ബംഗ്ലാദേശിന്‍റെ പതനം പൂർണമാക്കിയത്. 29 റണ്‍സ് വഴങ്ങി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് എടുത്തു. മുഹമ്മദ് സമി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
29 റണ്‍സെടുത്ത ഓപ്പണർ ഷദ്‌മാന്‍ ഇസ്ലാമും 24 റണ്‍സെടുത്ത ലിറ്റണ്‍ സാദും 19 റണ്‍സെടുത്ത നയീം ഹാസനുമാണ് ബംഗ്ലാദേശിന്‍റെ സ്കോര്‍ മൂന്നക്കം കടത്താന്‍ സഹായിച്ചത്. ഓപ്പണർ ഷദ്‌മാന്‍ ഇസ്ലാം ഉമേഷ് യാദവിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പർ വൃദ്ധിമാന്‍ സാഹക്ക് കാച്ച് നല്‍കിയാണ് മടങ്ങിയത്. ലിറ്റണ്‍ ദാസ് പരിക്കേറ്റ് പുറത്താകുകയായിരുന്നു. നയിം ഹസനെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.