കേരളം

kerala

ETV Bharat / sports

ഏകദിന പരമ്പരക്ക് നാളെ ഹൈദരാബാദിൽ തുടക്കം - ഭുവനേശ്വര്‍ കുമാര്‍

സ്വന്തം നാട്ടിൽ ടി-20 പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം മാറ്റാനിറങ്ങുന്ന ഇന്ത്യൻ നിരയിലേക്ക് ഷമിയും കുല്‍ദീപ് യാദവും തിരിച്ചെത്തിയേക്കും.

ഇന്ത്യ-ഓസ്‌ട്രേലിയ

By

Published : Mar 1, 2019, 12:11 PM IST

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്ക് നാളെ ഹൈദരാബാദിൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങിയതാണ് പരമ്പര. ടി-20 പരമ്പരയിൽ ഓസ്ട്രേലിയയോട് ഏറ്റ തോല്‍വിക്കു ഏകദിനത്തില്‍ കണക്കു ചോദിക്കാനുറച്ചാവും ഇന്ത്യ ഇറങ്ങുക.

രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ ഓസീസിന്‍റെ ആദ്യ ടി-20 പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യ പരമ്പര കൈവിടാനുള്ള കാരണം. ജസ്പ്രീത് ബുംറയൊഴികെ ബൗളിംഗില്‍ മറ്റാരും തിളങ്ങിയില്ല.

കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം ടി-20 യില്‍ വിശ്രമം നല്‍കിയിരുന്നു. ഇവരില്‍ ഷമിയും കുല്‍ദീപും ഏകദിന പരമ്പരയില്‍ തിരിച്ചെത്തും. ഭുവനേശ്വർ കുമാർ അവസാന മൂന്നു ഏകദിനങ്ങളില്‍ മാത്രം കളിക്കാനാണ് സാധ്യത. ഷമിയുടെയും കുല്‍ദീപിന്‍റേയും മടങ്ങിവരവ് ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിംഗിന് കരുത്തേകും.

ടി-20 യിൽ രണ്ട് മത്സരത്തിലും പരാജയപ്പെട്ട യുവതാരം റിഷഭ് പന്തിനെ ആദ്യ ഏകദിനത്തില്‍ നിന്നൊഴിവാക്കാനാണ് സാധ്യത. രണ്ട് മത്സരങ്ങളില്‍ നിന്നും വെറും നാലു റണ്‍സാണ് പന്തിന് നേടാനായത്. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടുന്ന താരത്തിൽ നിന്നും ഇത്രയും മോശം പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, ടി20യില്‍ രണ്ടു മത്സരങ്ങളിലും തിളങ്ങി ഫോമിലേക്കു തിരിച്ചെത്തിയ ലോകേഷ് രാഹുലിന് ആദ്യ ഏകദിനത്തിലും അവസരം ലഭിക്കും. ടി-20യില്‍ ഓപ്പണറായാണ് താരം കളിച്ചതെങ്കിലും ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇറക്കാനാണ് സാധ്യത.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയാണ് നാളെ ആരംഭിക്കുന്നത്. അതിനാൽ ജയത്തോടെ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പറക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ABOUT THE AUTHOR

...view details