മെല്‍ബൺ: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് 70 റൺസിന്‍റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 200 റൺസിന് പുറത്തായി. ഇന്ത്യൻ ബൗളർമാരുടെ മികവുറ്റ പ്രകടനമാണ് ഓസീസ് ബാറ്റ്‌സ്‌മാൻമാരെ ചെറിയ സ്കോറിലേക്ക് ചുരുക്കിയത്.
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് 70 റൺസ് വിജയലക്ഷ്യം - ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ്
ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്റ്റ് കളിച്ച മുഹമ്മദ് സിറാജ് രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ആറ് വിക്കറ്റിന് 133 റൺസ് എന്ന നിലയില്‍ നാലാം ദിനം കളി ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കം മുതല്‍ പതറി. പാറ്റ് കമ്മിൻസും കാമറൂൺ ഗ്രീനും ചേർന്ന് നല്‍കിയ 57 റൺസിന്‍റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ബുമ്ര തകർത്തതോടെ ഓസ്‌ട്രേലിയയുടെ പ്രതീക്ഷകൾ ഏകദേശം അവസാനിച്ചിരുന്നു. 22 റൺസെടുത്താണ് കമ്മിൻസ് പുറത്തായത്. എട്ടാം വിക്കറ്റില്‍ ഗ്രീനും മിച്ചല്‍ സ്റ്റാർക്കും 21 റൺസ് നേടിയെങ്കിലും അരങ്ങേറ്റക്കാരൻ മുഹമ്മദ് സിറാജ് ഗ്രീനിനെ മടക്കി. 45 റൺസെടുത്ത കാമറൂൺ ഗ്രീനാണ് ഓസീസിന്‍റെ ടോപ് സ്‌കോറർ. പിന്നീട് വന്ന നഥാൻ ലിയോൺ(മൂന്ന്), ജോഷ് ഹേസല്‍വുഡ്(പത്ത്) എന്നിവർക്ക് താളം കണ്ടെത്താനായില്ല.
മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജസ്‌പ്രീത് ബുമ്ര, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. മത്സരത്തിനിടെ പരിക്കേറ്റ ഉമേഷ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി. നാല് ടെസ്റ്റുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതിന് വലിയ ജയത്തോടെ മറുപടി നല്‍കാനാകും ഇന്ത്യ ഇന്ന് ശ്രമിക്കുക.