ഓക്‌ലന്‍ഡ് : ന്യൂസിലന്‍ഡ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ഇന്ത്യ. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്‍റി 20 യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ലോകേഷ് രാഹുലാണ് കളിയിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി.
ആദ്യ മത്സരത്തില്‍ ബാറ്റ്‌സ്‌മാന്‍മാരാണ് കളംപിടിച്ചെതെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ കളിമാറി. ബാറ്റെടുത്തവരും, പന്തെടുത്തവരും ഇന്ത്യയ്‌ക്കായി ഒരുപോലെ പോരാടി. ടോസ് ലഭിച്ച ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച കിവീസിന്‍റെ ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആറാം ഓവറില്‍ മാര്‍ട്ടിന്‍ ഗപ്‌റ്റില്‍ (20 പന്തില്‍ 33 റണ്‍സ്) പുറത്താകുമ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ ബോര്‍ഡ് 48 റണ്‍സില്‍ എത്തിയിരുന്നു. ഒമ്പതാം ഓവറില്‍ രണ്ടാമത്തെ ഓപ്പണര്‍ കോളിന്‍ മണ്‍റോയും (25 പന്തില്‍ 26) പുറത്തേക്ക്. ശിവം ദുബെയുടെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കി മണ്‍റോ മടങ്ങുമ്പോള്‍ 68 റണ്‍സായിരുന്ന കിവീസിന്‍റെ ആകെ സമ്പാദ്യം. ഓപ്പണര്‍മാര്‍ പുറതത്തായതോടെ കിവിപ്പട സമ്മദത്തിലായി. റണ്‍ റേറ്റ് കുത്തനെ കുറഞ്ഞു. വിക്കറ്റ് നഷ്‌ടപെടാതിരിക്കാന്‍ കരുതലോടെ കളിച്ചപ്പോള്‍ റണ്‍സ് നേടാന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ മറന്നു. അവസരം മുതലാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ ആധിപത്യം നേടി. കെയ്‌ന്‍ വില്യംസണ്‍ (20 പന്തില്‍14 റണ്‍സ്), കോളിന്‍ ഗ്രാന്‍ഡ്‌ഹോം(5 പന്തില്‍ 3റണ്‍സ്) , റോസ് ടെയ്‌ലര്‍ (24 പന്തില്‍ 18) തുടങ്ങിയ കൂറ്റനടിക്കാരുടെ റണ്‍ റേറ്റ് നൂറില്‍ താഴെ ആയിരുന്നു. 26 പന്തില്‍ 33 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫെര്‍ട്ടിന്‍റെ പ്രകടനമാണ് ന്യൂസിലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കിവിപ്പടയെ വരിഞ്ഞുമുറുക്കിയത്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഷര്‍ദുല്‍ ഠാക്കൂര്‍ മാത്രമാണ് ഒരു ഓവറില്‍ പത്തിന് മുകളില്‍ റണ്‍ വഴങ്ങിയത്. മുഹമ്മദ് ഷമി ( 4 ഓവറില്‍ 22 റണ്‍സ്), ജസ്‌പ്രീത് ബുംറ (4 ഓവറില്‍ 21 റണ്‍സ്) ചഹല്‍ ( 4 ഓവറില്‍ 33 റണ്‍സ്), ശിവം ദുബെ ( 2 ഓവറില്‍ 16 ) എന്നിവര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി. കഴിഞ്ഞ മത്സരത്തില്‍ 'നല്ലവണ്ണം തല്ലുകൊണ്ട' ഇന്ത്യന്‍ ബൗളര്‍മാര്‍ തങ്ങളുടെ അഭിമാനം തിരിച്ചു പിടിച്ചു.
നിസാര സ്‌കോര്‍ ഇന്ത്യ നിഷ്‌പ്രയാസം കടക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് കാണികള്‍ ഇന്ത്യന്‍ ഇന്നിങ്‌സിനായി കാത്തിരുന്നത്. എന്നാല്‍ തുടക്കം അത്ര മനോഹരമായിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശര്‍മ പരാജയപ്പെട്ടു. ആദ്യ ഓവറിന്‍റെ അവസാന പന്തില്‍ പവലിയനിലേക്ക് കയറുമ്പോള്‍ സ്വന്തം പേരില്‍ എട്ട് റണ്‍സ് മാത്രമാണ് താരത്തിന് സമ്പാദിക്കാനായത്. മറുവശത്ത് കെഎല്‍ രാഹുല്‍ ഉറച്ചുനിന്നു. വണ്‍ ഡൗണായി ഇറങ്ങിയ ക്യാപ്‌റ്റന്‍ കോലിക്കും കാര്യമായി ഒന്നു ചെയ്യാനായില്ല. 12 പന്തില്‍ 11 റണ്‍സ് നേടിയ കോലി ആറാം ഓവറില്‍ കിവി പേസര്‍ സൗത്തിക്ക് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ കണ്ടത് ആദ്യ ട്വന്‍റി 20 യുടെ തനിയാവര്‍ത്തനമായിരുന്നു. ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷയായി ഉയര്‍ന്നുവരുന്ന രാഹുല്‍ - ശ്രേയസ് സഖ്യം സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്‌തു. നാലാം വിക്കറ്റിലെ 86 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിനെ ജയത്തിന്‍റെ തൊട്ടടുത്തെത്തിച്ചു. പക്വതയോടെ ബാറ്റ് ചെയ്‌ത ശ്രേയസ് അയ്യര്‍ 33 പന്തില്‍ 44 റണ്‍സ് നേടി പതിനേഴാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിന് അടുത്തെത്തിയിരുന്നു. പിന്നാലെ ഇറങ്ങിയ ശിവം ദുബെ പതിനെട്ടാം ഓവറിലെ മൂന്നാം പന്ത് സിക്‌സറിന് പായിച്ച് 'ധോണി സ്‌റ്റൈലില്‍' കളി ഫിനിഷ് ചെയ്‌തു. 50പന്തില്‍ 57 റണ്‍സ് നേടി ഇന്ത്യന്‍ വിജയത്തിന് അടിസ്ഥാനമിട്ട കെഎല്‍ രാഹുല്‍ അപ്പോഴും ക്രീസിലുണ്ടായിരുന്നു. തുടര്‍ച്ചായ രണ്ടാം ട്വന്‍റി 20യും ജയിച്ച ഇന്ത്യയ്‌ക്ക് അഞ്ച് മത്സരങ്ങളുടെ പരമ്പരിയില്‍ 2-0 ന്‍റെ ലീഡായി.
ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും ഫോം കണ്ടെത്തിയത് ഇന്ത്യയ്‌ക്ക് ആശ്വാസമാണ്. അതേസമയം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട രോഹിത് ശര്‍മ ഇന്ത്യയ്‌ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ രോഹിത്തിന്‍റെ ഫോം ഇന്ത്യയ്‌ക്ക് അത്യാവശ്യമാണ്. രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ സൈഡ് ബെഞ്ചിലായത് മലയാളി ആരാധകര്‍ക്ക് നിരാശയായി. രാഹുല്‍ മികച്ച ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഉടനെയെങ്ങും സഞ്ജുവിനെ പരിഗണിച്ചേക്കില്ല. അതിനാല്‍ തന്നെ ടീമില്‍ ഇടം കിട്ടാന്‍ സഞ്ജു കുറച്ചധികം കാത്തിരിക്കേണ്ടിവരും. ബുധനാഴ്‌ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.