ചെന്നൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കോലിക്കും കൂട്ടർക്കും മോശം തുടക്കം. ടോസ് നേടി ബോളിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡിന്‍റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യത്തെ 20 ഓവറുകൾ. അവസാനം വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 49 റണ്‍സെടുത്ത ശ്രേയസ് അയ്യരും 40 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തുമാണ് ക്രീസില്‍.
ചെന്നൈയില്‍ കളി തുടങ്ങി: മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സുമായി ഇന്ത്യ
ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡ് ബോളിങ്ങ് തെരഞ്ഞെടുത്തു
ഓപ്പണർ കെഎല്‍ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആറ് റണ്‍സ് മാത്രം എടുത്ത രാഹുല്‍ ഷെല്‍ഡണ്‍ കോട്രലിന്‍റെ പന്തില്‍ ഹെറ്റ്‌മയറിന് ക്യാച്ച് വഴങ്ങയാണ് കൂടാരം കയറിയത്. തുടർന്ന് മൂന്നാമനായി ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കോട്രല്‍ ബൗൾഡാക്കി. നാല് റണ്‍സ് മാത്രം അക്കൗണ്ടില്‍ ചേർക്കാനേ കോലിക്ക് സാധിച്ചുള്ളൂ. ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനം നഷ്ടമായത്. 36 റണ്‍സെടുത്ത രോഹിതിനെ അല്‍സാരി ജോസഫ് പൊള്ളാർഡിന്‍റെ കൈകളില്‍ എത്തിച്ചു.
വിന്‍ഡീസിനായി കോട്രല്‍ രണ്ട് വിക്കറ്റും ജോസഫ് ഒരു വിക്കറ്റും സ്വന്തമാക്കി. സ്‌പിന്നർമാരെ തുണക്കുന്ന പിച്ചാണ് ചെന്നൈയിലേത്. അതിനാല്‍ തന്നെ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യന്‍ ടീം വിയർക്കേണ്ടിവരും.