ദുബായ്: അടുത്ത വർഷം ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യക്ക് നേരിട്ട് യോഗ്യത. പട്ടികയില്‍ നാലാമതായാണ് ഇന്ത്യ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര ഉപേക്ഷിച്ചതോടെയാണ് ലോകകപ്പിന് നേരിട്ട് യോഗ്യത സ്വന്തമാക്കാന്‍ സാധിച്ചത്. ആതിഥേയരായ ന്യൂസിലന്‍ഡിനെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവർക്കാണ് നേരിട്ട് യോഗ്യത ലഭിച്ചത്.
വനിതാ ഏകദിന ലോകകപ്പ് യോഗ്യത സ്വന്തമാക്കി ഇന്ത്യ - വനിതാ ഏകദിന ലോകകപ്പ് വാർത്ത
ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര ഉപേക്ഷിച്ചതോടെയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത സ്വന്തമാക്കാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സാധിച്ചത്
37 പോയിന്‍റുമായി ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാമത്. 29 പോയിന്‍റുള്ള ഇംഗ്ലണ്ട് രണ്ടാമതും 25 പോയിന്‍റുള്ള പോർട്ടീസ് മൂന്നാമതുമാണ്. നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് 23 പോയിന്‍റാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ- നവംബര്‍ മാസത്തിനിടെയാണ് ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര നടത്തേണ്ടിയിരുന്നത്. എന്നാല്‍ സർക്കാർ തലത്തിലുള്ള എതിർപ്പുകളെ തുടർന്ന് ബിസിസിഐക്ക് പരമ്പരയുടെ ഭാഗമാകാന്‍ സാധിച്ചില്ല. ഇതോടെ ബിസിസിഐയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡും പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തുടർന്ന് പോയിന്‍റ് പങ്കിടാന്‍ ഐസിസി ടെക്ക്‌നിക്കല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യക്ക് ലോകകപ്പ് യോഗ്യത ലഭിച്ചത്.
19 പോയിന്‍റുമായി പാകിസ്ഥാന്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 17 പോയാന്‍റുള്ള കിവീസ് ആറാം സ്ഥാനത്തും 13 പോയിന്‍റുള്ള വെസ്റ്റ് ഇന്‍ഡീസ് ഏഴാം സ്ഥാനത്തും അഞ്ച് പോയിന്‍റുള്ള ശ്രീലങ്ക എട്ടാം സഥാനത്തുമാണ്. ലോകകപ്പിനുള്ള ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കുള്ള ടീമുകളെ യോഗ്യതാ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കും. ജൂലൈയില്‍ ശ്രീലങ്കയില്‍ വെച്ചാണ് യോഗ്യതാ മത്സരങ്ങൾ നടക്കുക. അതേസമയം കൊവിഡ് ഭീതിയെ തുടർന്ന് യോഗ്യതാ മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പുനരാലോചനകൾ അണിയറയില്‍ നടക്കുന്നുണ്ട്. ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങൾക്കായി 10 ടീമുകളാണ് യോഗ്യതാ മത്സരത്തില്‍ മാറ്റുരക്കുക.