ലാഹോർ:അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇന്ത്യയെ ബഹിഷ്ക്കരിക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രാജ്യവും ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇന്ത്യയില്‍ സന്ദർശനം നടത്തരുതെന്നും മിയാന്‍ദാദ് ആവശ്യപെട്ടു.
ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾ ശ്രദ്ധിക്കണം. ഐസിസി അവരെ ബഹിഷ്‌ക്കരിക്കണം. വിനോദ സഞ്ചാരികൾക്കോ മറ്റുള്ളവർക്കോ സുരക്ഷയില്ലാത്ത രാജ്യം പാക്കിസ്ഥാനല്ല ഇന്ത്യയാണ്. ഒരു കായിക താരമെന്ന നിലയില്‍ ഇന്ത്യയിലെ സാഹചര്യത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ അവിടെ എന്താണ് നടക്കുന്നതെന്ന് വീക്ഷിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ കായിക ഇനങ്ങളിലും ഇന്ത്യയില്‍ നിന്നും ബഹിഷ്‌ക്കരണം നേരിടുന്ന പാക്കിസ്ഥാന്‍റെ ഭാഗമായാണ് ഞാന്‍ സംസാരിക്കുന്നത്. എല്ലാ രാജ്യങ്ങളും നിലവിലെ സാഹചര്യത്തില്‍ പ്രതികരിക്കണമെന്നും ജാവേദ് മിയാന്‍ദാദ് അവശ്യപെട്ടു. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപെട്ടത്.