ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണിക്ക് പകരക്കാരനെ കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യയ്‌ക്ക് മറുപടിയുമായി വിരമിച്ച പാകിസ്ഥാന്‍ പേസര്‍ ഷോയിബ് അക്‌തര്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മനീഷ് പാണ്ഡെയ്‌ക്ക് ധോണിയുടെ പകരക്കാരനാകാന്‍ സാധിക്കുമെന്ന് അക്‌തര്‍ അഭിപ്രായപ്പെട്ടു. " ഒടുവില്‍ ധോണിക്ക് പകരക്കാരനെ കണ്ടുപിടിക്കാന്‍ ഇന്ത്യയ്‌ക്കായിരിക്കുന്നു. മനീഷ് പാണ്ഡെ അതിന് പറ്റിയ താരമാണ്. ശ്രേയസ് അയ്യരും മികച്ച താരമാണ്. ഇരുവരും ഭാവിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്ക് ശക്‌തി പകരും" അക്‌തര്‍ അഭിപ്രായപ്പെട്ടു.
2019ലെ ലോകകപ്പില്‍ ന്യൂസിലാന്‍റിനെതിരെ നടന്ന സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബിസിസിഐയുടെ വാര്‍ഷിക കരാറിലും ധോണി ഉള്‍പ്പെട്ടിരുന്നില്ല. പിന്നാലെ ധോണി ഉടന്‍ വിരമിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ധോണിക്ക് പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യയ്‌ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍. നിരവധി മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടും സ്ഥിരതയുള്ള പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ പന്തിനായിട്ടില്ല.