സിഡ്‌നി:സിഡ്‌നിയില്‍ മഴ കളിച്ചതോടെ ചരിത്രത്തില്‍ ആദ്യമായി ടീം ഇന്ത്യ വനിത ടി-20 ലോകകപ്പ് ഫൈനലില്‍. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടമാണ് മഴ കാരണം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാർ എന്ന നിലയില്‍ ഹർമന്‍പ്രീത് കൗറിനും കൂട്ടർക്കും കലാശപോരാട്ടത്തിന് വഴി തെളിയുകയായിരുന്നു. എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യയും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലായിരുന്നു സെമി ഫൈനല്‍ പോരാട്ടം.
മഴക്കളി; ഒരു പന്തുപോലും കളിക്കാതെ ഇന്ത്യ ഫൈനലില്‍ - വനിത ക്രിക്കറ്റ് വാർത്ത
സിഡ്‌നിയില്‍ നടക്കാനിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 ലോകകപ്പിലെ ആദ്യ സെമി മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഹർമന്‍പ്രീത് കൗറിനും കൂട്ടർക്കും ഫൈനലിലേക്ക് വഴി തെളിഞ്ഞത്.
അതേസമയം ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളെ നിശ്ചയിക്കുന്ന രണ്ടാമത്തെ സെമി ഫൈനല്‍ പോരാട്ടത്തിന് ഉച്ചക്ക് ശേഷം സിഡ്‌നിയില്‍ തുടക്കമാകും. നിലവിലെ ചാമ്പന്‍മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായ ഓസ്‌ട്രേലിയയും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് രണ്ടാമത്തെ സെമി മത്സരം.
ഇതിലെ വിജയികൾ മാർച്ച് എട്ടിന് മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയോട് ഏറ്റുമുട്ടും. അതേസമയം രണ്ടാമത്തെ സെമി ഫൈനല്‍ പോരാട്ടത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നേരത്തെ സെമി ഫൈനല്‍ മത്സരങ്ങൾക്ക് റിസർവ് ദിവസം വേണമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം ഐസിസി തള്ളിയിരുന്നു.