ക്രൈസ്റ്റ്ചർച്ച്:ന്യൂസിലന്‍ഡിന് എതിരെയുള്ള ടെസ്റ്റില്‍ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ടീം ഇന്ത്യ. അഞ്ച് റണ്‍സെടുത്ത ഹനുമ വിഹാരിയും ഒരു റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്സില്‍ മോശം ബാറ്റിങ് പ്രകടമാണ് ഇന്ത്യ പുറത്തെടുത്തത്. 14 റണ്‍സെടുത്ത ഓപ്പണർ പൃഥ്വി ഷായും 24 റണ്‍സെടുത്ത ചേതേശ്വർ പൂജാരയും 14 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയും മാത്രമാണ് രണ്ടക്കം കടന്നത്. കിവീസിന് വേണ്ടി ട്രന്‍ഡ് ബോൾട്ട് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ ടിം സൗത്തി, ഗ്രാന്‍ഡ് ഹോം, വാഗ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
കിവീസിന് എതിരെ രണ്ടാം ഇന്നിങ്സില്‍ തകർന്ന് ഇന്ത്യ
നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഉയർത്തിയ 242 റണ്‍സ് പിന്തുടർന്ന ന്യൂസിലന്‍ഡ് 235 റണ്‍സെടുത്ത് പുറത്തായി
രണ്ടാം ദിവസം ആദ്യം വിക്കറ്റൊന്നും നഷ്‌ടമാകാതെ 63 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച കിവീസിന് 30 റണ്‍സെടുത്ത ടോം ബ്ലണ്ടലിന്‍റെ വിക്കറ്റാണ് നഷ്‌ടമായത്. അർദ്ധസെഞ്ച്വറിയോടെ 52 റണ്‍സെടുത്ത ഓപ്പണർ ടോം ലാത്തവും വാലറ്റത്ത് 49 റണ്‍സെടുത്ത കെയ്‌ല്‍ ജാമിസണും കിവീസ് നിരയില്‍ തിളങ്ങി. ഒന്നാം ഇന്നിങ്സില്‍ 73.1 ഓവറില്‍ 235 റണ്‍സെടുത്ത് കിവീസ് കൂടാരം കയറി. ഇന്ത്യന്‍ പേസർ ജസ്‌പ്രീത് ബുമ്ര ഫോമിലേക്ക് ഉയർന്നതും മുഹമ്മദ് ഷമിയുടെ മൂർച്ചയേറിയ പ്രകടനവുമാണ് ഇന്ത്യക്ക് തുണയായയത്. 81 റണ്‍സ് മാത്രം വഴങ്ങി ഷമി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ 62 റണ്‍സ് മാത്രം വഴങ്ങി ബുമ്ര മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഉമേഷ് യാദവ് ഒരു വിക്കറ്റും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്‌ത്തി. ക്രൈസ്റ്റ് ചർച്ചില്‍ ജയിച്ചാലെ ടീം ഇന്ത്യക്ക് പരമ്പരയില്‍ സമനില സ്വന്തമാക്കാനാവൂ. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ നേരത്തെ വെല്ലിങ്ടണില്‍ നടന്ന മത്സരം ന്യൂസിലന്‍ഡ് ഒരു ദിവസം ശേഷിക്കെ 10 വിക്കറ്റിന് സ്വന്തമാക്കിയിരുന്നു.