ഹാമില്‍ട്ടൺ:സെഡ്ഡന്‍ പാർക്കില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമാണ് ഹാമില്‍ട്ടണിലും ഇറങ്ങുന്നത്. ന്യൂസിലന്‍ഡില്‍ ആദ്യമായി ടി20 പരമ്പര സ്വന്തമാക്കാനാകും കോലിയും കൂട്ടരും ഇന്നിറങ്ങുക.
സെഡ്ഡന്‍ പാർക്കില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ടോസ് നേടിയ ആതിഥേയർ ബൗളിങ് തെരഞ്ഞെടുത്തു. ഇന്ന് ജയിച്ചാല്‍ കോലിക്കും കൂട്ടർക്കും അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര സ്വന്തമാക്കാം
അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ടീം ഇന്ത്യ ഇതിനകം രണ്ട് മത്സരങ്ങൾ ജയിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാമത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റിനുമായിരുന്നു ടീം ഇന്ത്യയുടെ ജയം. രണ്ട് മത്സരങ്ങളിലും അർധസെഞ്ച്വറി സ്വന്തമാക്കിയ ലോകേഷ് രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍ ബാറ്റിങ് നിരക്ക് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര എന്നിവർ ഇന്ത്യന്‍ ബൗളിങ് നിരയുടെ മൂർച്ച കൂട്ടുന്നുണ്ട്. ബുമ്രയുടെ ബൗളിങ് മികവിനെ മറികടക്കാന്‍ ആതിഥേയർക്ക് ഇതേവരെ സാധിച്ചിട്ടില്ല. രണ്ട് മത്സരങ്ങളിലുമായി ബുമ്ര റണ്ണൊന്നും വിട്ടു കൊടുക്കാതെ 17 പന്തുകളാണ് എറിഞ്ഞത്. രണ്ട് വിക്കറ്റും സ്വന്തമാക്കി. രണ്ടാമത്തെ മത്സരത്തില്‍ 5.25 ആയിരുന്നു ബുമ്രയുടെ ബൗളിങ് ശരാശരി.
സെഡ്ഡന്‍ പാർക്കില്‍ വമ്പന്‍ സ്‌കോർ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്ന് തവണയും ആദ്യം മത്സരിച്ച ടീം 190-ല്‍ അധികം റണ്‍സ് സ്വന്തമാക്കിയിരുന്നു. അവസാനം നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീമിനൊപ്പമായിരുന്നു വിജയം. കഴിഞ്ഞ വർഷം അവസാനമായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ടി20 മത്സരം കളിച്ചപ്പോൾ ന്യൂസിലന്‍ഡിനൊപ്പമായിരുന്നു ജയം. ഇന്ത്യയെ നാല് റണ്‍സിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത് കിവീസ് അന്ന് 212 റണ്‍സാണ് സ്വന്തമാക്കിയത്.