ഇന്ത്യ- ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്‍റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ഓസീസ് 20-ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കെ.എല്‍ രാഹുലിന്‍റെ(50) അര്‍ധ സെഞ്ച്വറിയാണ് തുണയായത്. എം.എസ് ധോണി 29 റണ്‍സുമായി പുറത്താവാതെ നിന്നു. വിരാട് കോഹ്‌ലി 24 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കോൾട്ടര്‍ നൈലാണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണർ രോഹിത് ശര്‍മ (5), ഋഷഭ് പന്ത് (3), ദിനേശ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1), എന്നിവർ മധ്യനിരയിൽ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്. ഓസീസിനായി കോൾട്ടര്‍ നൈലിന് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ആഡം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഓസീസിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും ഡാര്‍സി ഷോര്‍ട്ട് (37), ഗ്ലെന്‍ മാക്‌സ്‌വെല്‍ (56) കാര്യങ്ങള്‍ ഓസീസിന് അനുകൂലമാക്കി. ഇരുവരും 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാക്‌സ്‌വെല്ലിനെ യൂസ്‌വേന്ദ്ര ചാഹല്‍ മടക്കിയതോടെ ഓസീസ് സമ്മര്‍ദത്തിലായി. ഷോര്‍ട്ടാവട്ടെ റണ്ണൗട്ടാവുകയും ചെയ്തു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (13), ആഷ്ടണ്‍ ടര്‍ണര്‍ (0), നഥാന്‍ കൗള്‍ട്ടര്‍നൈല്‍ (4) എന്നിവര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്ത് നില്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ ഓസീസ് തോല്‍ക്കുമെന്ന തോന്നലുണ്ടായി.
എന്നാൽ കൈവിട്ട കളി ജസ്പ്രീത് ബുംറയിലൂടെ തിരിച്ചു പിടിച്ച് ഇന്ത്യ വിജയത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷകളെല്ലാം തകര്‍ത്ത് അവസാന ഓവറില്‍ 14 റണ്‍സ് വഴങ്ങി ഉമേഷ് യാദവ് ഇന്ത്യയുടെ വില്ലനാവുകയായിരുന്നു. 19-ാം ഓവറില്‍ പീറ്റര്‍ ഹാന്‍ഡ്സ് കോമ്പിനെയും നഥാന്‍ കോള്‍ട്ടര്‍-നൈലിനെയും പുറത്താക്കി രണ്ട് റണ്‍സ് മാത്രം വഴങ്ങി ബുംറ മത്സരം ഇന്ത്യയുടെ കൈകളിലാക്കിയിരുന്നു.ഗ്ലെന്‍ മാക്സ് വെല്ലിന്‍റെ വെടിക്കെട്ടിലൂടെ കളി ഓസീസ് തട്ടിയെടുക്കുമെന്ന് കരുതിയെങ്കിലും ബുംറയുടെ ഓവര്‍ വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നൽകുകയായിരുന്നു.
എന്നാൽ അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനെതിരെ പന്തെറിഞ്ഞ ഉമേഷ് യാദവ്. ആദ്യ പന്തില്‍ ഒരു റണ്‍സ് വിട്ടുകൊടുത്തുള്ളൂ. എന്നാൽ രണ്ടാം പന്ത് റിച്ചാര്‍ഡ്‌സണ്‍ ബൗണ്ടറി നേടി. മൂന്നാം പന്തില്‍ രണ്ട് റണ്‍സും നാലാം പന്തില്‍ ഒരു റണ്ണും കൂട്ടിച്ചേര്‍ത്തു. അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് ആറ് റണ്‍സ്. അഞ്ചാം പന്തില്‍ പാറ്റ് കമ്മിന്‍സ് ബൗണ്ടറി നേടി. അവസാന പന്ത് ലോങ് ഓണിലേക്ക് തട്ടിയിട്ട് രണ്ട് റണ്‍ ഓടിയെടുത്ത് ഓസീസ് വിജയം സ്വന്തമാക്കുകയായിരുന്നു.