ഹൈദരാബാദ്:ട്വന്‍റി-20 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നാളെ നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡീസ് ഒന്നാം ട്വന്‍റി-20 മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വന്‍റി-20 ലോകകപ്പ് ആസന്നമാകുന്ന സാഹചര്യത്തില്‍ സ്‌കോർ പ്രതിരോധിച്ച് കളിക്കുന്ന കാര്യത്തില്‍ ടീം ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കോലി പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 മത്സരങ്ങളില്‍ രണ്ട് സ്പിന്നർമാരെ ഉപയോഗിക്കും. ആറ് ബൗളർമാരെ ട്വന്‍റി-20 മത്സരങ്ങളില്‍ ആവശ്യമുണ്ട്. ഇത്തരത്തില്‍ ടീം സന്തുലിതമാക്കാനാണ് ശ്രമിക്കുന്നത്. ഓരോ കളിക്കാരന്‍റെയും ബാറ്റിങ് പൊസിഷനെ കുറിച്ച് ഇപ്പോൾ പറയാനാകില്ല. ടീമിന്‍റെ ക്യാപ്‌റ്റനെന്ന നിലയില്‍ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുക്കേണ്ടതുണ്ട്. ട്വന്‍റി-20 മത്സരത്തില്‍ ബാറ്റിങ് ഫോർമാറ്റിന് പ്രാധാന്യം കുറവാണെന്നും ഓരോ താരവും മികച്ച കളി പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്‍റി-20 ഫോർമാറ്റില്‍ സമീപകാലത്ത് രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ ഇന്ത്യ പരമാവധി മത്സരങ്ങളില്‍ ജയിച്ചു. അതേസമയം ദില്ലിയിൽ ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ടീം ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടു. തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബെംഗളൂരുവിൽ നടന്ന മത്സരത്തിലും ഇന്ത്യ തോറ്റു. ട്വന്‍റി-20 മത്സരങ്ങളിലെ ഐസിസി ട്വന്‍റി-20 റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് എത്താന്‍ കൂടുതല്‍ മേഖലകളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. താരങ്ങളുടെ റാങ്കിങ്ങ് നിലവില്‍ പരിഗണിക്കുന്നല്ല. യുവ താരങ്ങൾക്ക് അവസരം നല്‍കും. ലോകകപ്പിനായി മെച്ചപ്പെട്ട ടീമിനെ തയ്യാറാക്കാനാണ് ശ്രമിക്കുന്നത്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് തിരിച്ചടി നേരിടുകയാണ്. അവസരങ്ങൾ അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തിയില്ല. അന്താരാഷ്‌ട്ര ഫോർമാറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധ്യതയുള്ള താരമായതിനാല്‍ പന്തിന് കൂടുതല്‍ സമയം നല്‍കണമെന്നും വിരാട് കോലി പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ മൂന്ന് വീതം ട്വന്‍റി-20 മത്സരങ്ങളും ഏകദിന മത്സരങ്ങളുമാണ് ഉള്ളത്. ആദ്യ ട്വന്‍റി-20ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാകും.