ഓക്‌ലന്‍റ് (ന്യൂസിലന്‍ഡ്):ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസിലന്‍ഡിനോട് പ്രതികാരം ചെയ്യാനില്ലെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്‌ക്ക് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം. "പ്രതികാരത്തെക്കുറിച്ച് ചിന്തിച്ചാലും ഞങ്ങള്‍ക്ക് അതിന് കഴിയില്ല, കാരണം ന്യൂസിലന്‍ഡ് താരങ്ങളുടെ സമീപനം വളരെയധികം സൗഹാര്‍ദപരമാണ്"- കോലി അഭിപ്രായപ്പെട്ടു. 2019 ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ശേഷം ആദ്യമായാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്നത്.
"മൈതാനത്ത് മത്സരിക്കുക മാത്രമാണ് ചെയ്യേണ്ടത്. ലോകത്തില്‍ ഒന്നാമതെത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകകപ്പ് ഫൈനലിലേക്ക് അവര്‍ യോഗ്യത നേടിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമാണുള്ളത്. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് ഒരു പ്രതികാരവും വീട്ടാനില്ല"- കോലി പറഞ്ഞു. ട്വന്‍റി 20 ലോകകപ്പ് നടക്കാനിരിക്കുന്ന വര്‍ഷം കൂടിയായതിനാല്‍ എല്ലാ ടി-20 മത്സരങ്ങളും നിര്‍ണായകമാണെന്നും ജയത്തില്‍ കുറഞ്ഞതൊന്നും ടീം ആഗ്രഹിക്കുന്നില്ലെന്നും വിരാട് കോലി കൂട്ടിച്ചേര്‍ത്തു.
അതേസമയം മത്സരങ്ങള്‍ക്കുള്ള ദിവസങ്ങള്‍ തീരുമാനിക്കുമ്പോള്‍ സംഘാടകര്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മത്സരത്തിന് ശേഷം തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍റിലേക്ക് തിരിച്ചത്. വിദേശ പരമ്പരകള്‍ക്കുള്ള സമയക്രമം നിശ്ചയിക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് കോലി അഭിപ്രായപ്പെട്ടു.
ഏകദിനത്തിലും അഞ്ചാമനാണെങ്കിലും ട്വന്‍റി 20യില്‍ കെ.എല്‍ രാഹുല്‍ അതിലും നേരത്തെ ക്രീസിലെത്തുമെന്നും കോലി അറിയിച്ചു. " ഏകദിനത്തില്‍ രാഹുല്‍ അഞ്ചാമനായി തന്നെ ഇറങ്ങും. രാജ്‌കോട്ടില്‍ അഞ്ചാമനായി ഇറങ്ങിയപ്പോള്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്‌ച വച്ചത്. എന്നാല്‍ ട്വന്‍റി 20യില്‍ അതിനും നേരത്തെ അദ്ദേഹം ക്രീസിലെത്തും. വിക്കറ്റ് കീപ്പിങ്ങിലും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്ന രാഹുല്‍ തുടര്‍ന്നുള്ള പരമ്പരകളിലും ടീമിലുണ്ടാകും"- കോലി വ്യക്‌തമാക്കി. രാഹുല്‍ ടീമില്‍ തുടര്‍ന്നാല്‍ മറ്റ് താരങ്ങള്‍ക്ക് അവസരം ലഭിക്കുമോയെന്ന ചോദ്യങ്ങളുമുയരുമെന്ന് തനിക്കറിയാമെന്നും, ടീമിന്‍റെ പ്രകടനത്തിനാണ് മുന്‍തൂക്കമെന്നും കോലി കൂട്ടിച്ചേര്‍ത്തു.