വെല്ലിങ്ടണ്‍:കരിയറിലെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാര്‍ഥ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് അംഗീകരിച്ചേ മതിയാകൂവെന്ന് അജിന്‍ക്യ രഹാനെ. വെല്ലിങ്ടണില്‍ ഫെബ്രുവരി 21-ന് ന്യൂസിലന്‍ഡിന് എതിരെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഉപനായകനാണ് രഹാനെ. നിലവിലെ സാഹചര്യത്തില്‍ ശുഭാപ്‌തിവിശ്വാസത്തോടെ സഹതരാങ്ങളില്‍ നിന്ന് പുതിയ പാഠങ്ങൾ ഉൾക്കൊള്ളാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ വലിപ്പച്ചെറുപ്പങ്ങളില്ല. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിന്‍റെ സ്ഥാനത്തെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് രഹാന ഇക്കാര്യം വ്യക്തമാക്കിയത്. ആറാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റിങ്ങിനിറങ്ങുകയാണ് റിഷഭിന്‍റെ ദൗത്യം. ആ സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയാണ് വേണ്ടത്. അതിനായി കഠിനധ്വാനം ചെയ്യണമെന്നും അജിന്‍ക്യ രഹാനെ പറഞ്ഞു.
റിഷഭ് പന്ത് യാഥാർത്ഥ്യം അംഗീകരിക്കണം: രഹാനെ
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരം റിഷഭ് പന്തിന്‍റെ പൊസിഷനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഉപനായകന്‍ അജങ്ക്യ രഹാന ഇക്കാര്യം വ്യക്തമാക്കിയത്
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായിരുന്ന റിഷഭ് പന്തിന് പെട്ടെന്നാണ് സ്ഥാനം നഷ്‌ടമായത്. ബംഗാള്‍ താരം വൃദ്ധിമാന്‍ സാഹയാണ് നിലവില്‍ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ലോകേഷ് രാഹുല്‍ വിക്കറ്റ് കീപ്പറുടെ ചുമതല ഭംഗിയായി നിർവഹിക്കാന്‍ ആരംഭിച്ചതോടെ ഏകദിനത്തിലും റിഷഭിന് സ്ഥാനം നഷ്‌ടമായി. താരത്തിന് പരിക്കേറ്റതിനെ തുടർന്നായിരുന്നു രാഹുലിന് അവസരം ലഭിച്ചത്.
അതേസമയം നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിനാകും മുന്‍തൂക്കമെന്നും രഹാനെ പറഞ്ഞു. വിദേശമണ്ണില്‍ ബൗളർമാർക്ക് നിലയുറപ്പിച്ച് കളിക്കാനായി ടീം ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 320 റണ്‍സെങ്കിലും നേടേണ്ടതുണ്ട്. ന്യൂസിലന്‍ഡില്‍ നടന്ന ടെസ്റ്റുകളില്‍ ആദ്യ ഇന്നിങ്സില്‍ 320 മുതല്‍ 350 റണ്‍സ് വരെ സ്വന്തമാക്കിയപ്പോഴാണ് ടീം ഇന്ത്യ ജയിച്ചത്. പിച്ചിന്‍റെ സാഹചര്യങ്ങളെ കുറിച്ച് കിവീസ് താരങ്ങൾ പൂർണ ബോധ്യവാന്‍മാരാണ്. ഏത് പന്ത് എറിയണമെന്നും ഏത് ഷോട്ട് ഉതിർക്കണമെന്നും അവർക്കറിയാം. ടീം എന്ന നിലയില്‍ ന്യൂസിലന്‍ഡിലെ സാഹചര്യങ്ങളോട് വേഗത്തില്‍ ഇണങ്ങേണ്ടതുണ്ടെന്നും അജിന്‍ക്യ രഹാനെ പറഞ്ഞു.