അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. കഴിഞ്ഞ മത്സരത്തില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാവും ടീം ഇന്ത്യ ഇന്നിറങ്ങുക. അരങ്ങേറ്റക്കാരന്‍ ഇഷാൻ കിഷന്‍റെയും ക്യാപ്റ്റൻ വിരാട് കോലിയുടേയും മികച്ച പ്രകടനത്തിലാണ് ടീം മിന്നുന്ന വിജയം നേടിയത് . ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്‍ കോലി ഫോം വീണ്ടെടുത്തത് ടീമിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്.
അതേസമയം രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കെ.എൽ രാഹുലിനു പകരം ഇന്ന് രോഹിത് ശർമ കളിച്ചേക്കും. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിങ് നിരയുടെ കരുത്താണ്. ഭുവനേശ്വര്‍ കുമാര്‍, ഷര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരടങ്ങിയ ബൗളിങ് നിരയില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. പരിക്ക് മാറിയ മാര്‍ക് വുഡ് തിരിച്ചെത്തിയത് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കുന്ന കാര്യമാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇതോടെ ഓരോ മത്സരങ്ങള്‍ നേടി പരമ്പര സമനിലയിലാണിപ്പോള്‍. മൊട്ടേര സ്റ്റേഡിയത്തിൽ രാത്രി ഏഴു മുതലാണ് മത്സരം.