ബംഗളൂരു:ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശർമക്ക് പരമ്പരകൾ റെക്കോഡുകൾ സ്വന്തമാക്കാനുള്ള അവസരം കൂടിയായി മാറുകയാണ്. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലും ഇതിലൊരു മാറ്റമുണ്ടായില്ല. ബംഗളൂരു എകദിനത്തില്‍ ഓസിസിനെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി. ഏകദിന മത്സരങ്ങളില്‍ വേഗത്തില്‍ 9,000 റണ്‍സ് തികക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാന്‍ എന്ന നേട്ടമാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.
ഹിറ്റ്മാന്‍ ഒമ്പതിനായിരം ക്ലബില്‍
ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 9,000 റണ്‍സ് തികക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാന്‍ എന്ന റെക്കോഡാണ് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ സ്വന്തമാക്കിയത്
മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ ഓവറില്‍ സിംഗിൾ എടുത്താണ് രോഹിത് 9,000 റണ്‍സ് തികച്ചത്. 217 ഇന്നിങ്സുകളിലായാണ് ഹിറ്റ്മാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സുമാണ് രോഹിതിനേക്കാൾ വേഗത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഈ നേട്ടം സ്വന്തമാക്കിയത്. കോലി 194-ഉം ഡിവില്ലിയേഴ്‌സ് 215-ഉം ഇന്നിങ്സുകളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയുമാണ് പട്ടികയില്‍ താഴെയുള്ളത്. ഗാംഗുലി 228-ഉം സച്ചിന്‍ 235-ഉം ലാറ 239-ഉം ഇന്നിങ്ങ്‌സുകളിലാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
അന്താരാഷ്‌ട്ര തലത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന 20-ാമത്തെ താരം കൂടിയാണ് രോഹിത്. ഒമ്പതിനായിരം റണ്‍സ് തികക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ കൂടിയാണ് ഹിറ്റ്മാന്‍. നായകന്‍ വിരാട് കോലി, എം എസ് ധോണി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കർ എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ളത്.