മുംബൈ:ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ നിന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഒഴിവാക്കി. ആദ്യ മത്സരത്തില്‍ ഓസിസ് ബൗളർ പാറ്റ് കമ്മിന്‍സിന്‍റെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ടാണ് ഋഷഭിന് പരിക്കേറ്റത്. ഇതേ പന്തില്‍ താരം പുറത്താവുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് നിരീക്ഷണത്തില്‍ കഴിയുന്ന താരത്തെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. വിശദപരിശോധനകൾക്കും കണ്‍കഷൻ പ്രോട്ടോക്കോൾ പ്രകാരം കായികക്ഷമത തെളിയിക്കുന്നതിനുമായാണ് താരത്തെ അക്കാദമിയിലേക്ക് മാറ്റിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം ടീമിന് പുറത്തേക്ക് പോകുന്ന പ്രഥമ ഇന്ത്യൻ താരമാണ് ഋഷഭ്.
പരിക്ക് മൂലം രാജ്കോട്ട് ഏകദിനത്തിന് ഋഷഭ് പന്തില്ല - ഋഷഭ് വാർത്ത
ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പരിക്കേറ്റത്
രണ്ടാം ഏകദിനത്തിൽ നിന്ന് പന്തിനെ ഒഴിവാക്കുകയാണ്. ഐസിസിയുടെ സ്റ്റാൻഡേർഡ് കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം പന്ത് കായികക്ഷമത തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കും താരത്തെ മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പരിഗണിക്കുകയെന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, പരിക്കേറ്റ താരത്തിന് സ്‌കാനിങ്ങിൽ കുഴപ്പമൊന്നുമില്ലെങ്കിലും ഐസിസിയുടെ കണ്‍കഷന്‍ പ്രോട്ടോക്കോൾ പ്രകാരമാണ് താരത്തെ വിശദമായ പരിശോധനക്കായി ബംഗളൂരിവിലെ എന്‍സിഎയിലേക്ക് അയക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി. അടുത്ത 72 മണിക്കൂർ താരത്തിന്‍റെ ആരോഗ്യനില നിരീക്ഷിക്കും. ശേഷം ജനുവരി പത്തൊമ്പതിന് ബംഗളൂരുവില്‍ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിന് താരത്തെ പരിഗണിച്ചേക്കും. മുംബൈയില്‍ നടന്ന മത്സരത്തില്‍ 33 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 28 റൺസെടുത്താണ് ഋഷഭ് പുറത്തായത്. മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.