രാജ്കോട്ട്: ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. രാജ്കോട്ടില്‍ ആദ്യം ബാറ്റ് ചെയ്‌ത കോലിയും കൂട്ടരും ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 340 റണ്‍സെടുത്തു.
ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഇരുവരും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 81 റണ്‍സാണ് പിറന്നത്. 42 റണ്‍സെടുത്ത രോഹിത് സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. റിച്ചാർഡ്‌സണിന്‍റെ പന്തില്‍ മിച്ചല്‍ സ്‌റ്റാർക്കിന് ക്യാച്ച് വഴങ്ങിയാണ് 90 പന്തില്‍ അർദ്ധസെഞ്ച്വറിയോടെ 96 റണ്‍സെടുത്ത ധവാന്‍ പുറത്തായത്. ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ.
ഓസ്‌ട്രേലിയക്ക് എതിരെ വീണ്ടും വണ്‍ ഡൗണായി ഇറങ്ങിയ നായകന്‍ വിരാട് കോലി 78 റണ്‍സെടുത്തും അഞ്ചാമതായി ഇറങ്ങിയ ലോകേഷ് രാഹുല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തും തിളങ്ങി. 52 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉൾപ്പെടെ 80 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ രാഹുല്‍ റണ്‍ ഔട്ടാവുകയായിരുന്നു. രവീന്ദ്ര ജഡേജ 20 റണ്‍സെടുത്ത് പുറത്തായപ്പോൾ ശ്രേയസ് അയ്യർ ഏഴ് റണ്‍സെടുത്തും മനീഷ് പാണ്ഡ്യ രണ്ട് റണ്‍സെടുത്തും പുറത്തായി.
ഓസ്‌ട്രേലിയക്കായി സ്‌പിന്‍ ബോളർ ആദം സാംപ മൂന്ന് വിക്കറ്റും കെയ്ന്‍ റിച്ചാർഡ്‌സണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അതേസമയം വിക്കറ്റൊന്നും എടുക്കാതെ 10 ഓവറില്‍ 78 റണ്‍സ് വഴങ്ങിയ മിച്ചല്‍ സ്‌റ്റാർക്ക് ഒസിസ് ബൗളിങ് നിരക്ക് ക്ഷീണമുണ്ടാക്കി. രാജ്കോട്ടില്‍ ജയിച്ചാല്‍ മാത്രമേ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാനാകൂ. നേരത്തെ മുംബൈയില്‍ നടന്ന ആദ്യ മത്സരം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.