ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബെംഗളൂരുവിൽ. വിശാഖപട്ടണത്ത് ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്.
ഓസീസിനെതിരെ സ്വന്തം നാട്ടിൽ പരമ്പര അടിയറവ് വെച്ചിട്ടില്ലെന്ന വെല്ലുവിളി ഇന്ത്യക്ക് മുന്നിലുണ്ട്. എന്നാൽ അവസാന പന്തിൽ ഇന്ത്യയുടെ കൈകളിൽ നിന്ന് ജയം തട്ടിയെടുത്ത ഓസീസിന് സ്വന്തം മണ്ണിലേറ്റ മുറിവിന് പകരം വീട്ടലാകും ഇന്നത്തെ ജയത്തോടെ ലക്ഷ്യമിടുന്നത്.
ആദ്യ കളിയില്‍ നിരാശപ്പെടുത്തിയ ബാറ്റിംഗ് നിര ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നായകന്‍ വിരാട് കോഹ്‌ലി. ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ കെ.എൽ രാഹുല്‍ മാത്രമാണ് ആദ്യ മത്സരത്തില്‍ പിടിച്ചുനിന്നത്. രാഹുലിന് പുറമേ കോഹ്‌ലിയും (24) എസ് ധോണിയും (29) മാത്രമാണ് ആദ്യ കളിയിൽ രണ്ടക്കം കണ്ടത്. ആദ്യ കളിയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം അനുവദിച്ചാണ് രാഹുലിന് അവസരം കൊടുത്തത്. എന്നാൽബൗളിംഗ് നിരയില്‍ തിളങ്ങാന്‍ സാധിക്കാത്ത ഉമേഷ് യാദവിനെ മാറ്റി സിദ്ധാർത്ഥ് കൗളിന് അവസരം നൽകാൻ സാധ്യതയുണ്ട്.
മായങ്ക് മര്‍ക്കണ്ഡെക്ക് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഇറക്കിയുള്ള പരീക്ഷണത്തിനും ടീം ഇന്ത്യ ശ്രമിച്ചേക്കും. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ് മുതലാണ് മത്സരം.