ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ ഉപനായകനായി ക്രിസ് ഗെയിലിനെ തെരഞ്ഞെടുത്തു. വിന്‍ഡീസ് ക്രിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കം. നേരത്തെ വിന്‍ഡീസ് ടീമിന്‍റെ നായകനായിരുന്ന ഗെയില്‍ 2010 ജൂണിലാണ് അവസാനമായി ടീമിനെ നയിച്ചത്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റില്‍ ടീമിന്‍റെ ഉപനായകനായി തെരഞ്ഞെടുത്തതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗെയില്‍ പ്രതികരിച്ചു. ടീമിലെ ഏറ്റവും സീനിയര്‍ താരമെന്ന നിലക്ക് നായകൻ ജേസണ്‍ ഹോള്‍ഡറെയും ടീമിലെ മറ്റ് കളിക്കാരെയും പിന്തുണക്കുക എന്നത് തന്‍റെ ഉത്തരവാദിത്തമാണെന്നും ഗെയില്‍ പറഞ്ഞു.
ലോകകപ്പിൽ ക്രിസ് ഗെയിലിന് പുതിയ ചുമതല - വിന്‍ഡീസ്
നേരത്തെ വിന്‍ഡീസ് ടീമിന്‍റെ നായകനായിരുന്ന ഗെയില്‍ 2010 ജൂണിലാണ് അവസാനമായി ടീമിനെ നയിച്ചത്
ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാവും ഇതെന്നും വിന്‍ഡീസ് ടീമിനുമേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത് അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും ഗെയിൽ വ്യക്തമാക്കി. വിന്‍ഡീസിനായി 289 ഏകദിനങ്ങളില്‍ കളിച്ച 37കാരനായ ഗെയിൽ ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അയര്‍ലന്‍ഡില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കുന്ന വിന്‍ഡീസ് ടീമിന്‍റെ ഉപനായകനായി നേരത്തെ ഷായ് ഹോപ്പിനെയാണ് തെരഞ്ഞെടുത്തിരുന്നത്. ലോകകപ്പില്‍ മെയ് 31ന് ട്രെന്‍റ്ബ്രിഡ്ജില്‍ പാക്കിസ്ഥാനെതിരെയാണ് വിന്‍ഡീസിന്‍റെ ആദ്യ മത്സരം.