സിഡ്‌നി: വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരായ ഉദ്‌ഘാടന മത്സരത്തിനായി കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമന്‍ പ്രീത് കൗർ. മത്സരത്തിന് മുന്നോടിയായി വാർത്താസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു ഹർമന്‍പ്രീത് കൗർ. എതിരാളികളെ സമ്മർദ്ദത്തിലാക്കാന്‍ പ്രാപ്‌തരായ ടീമാണ് ഇപ്പോൾ ഇന്ത്യ. ശുഭാപ്തി വിശ്വാസമാണ് ടീം ഇന്ത്യയുടെ കരുത്ത്. എല്ലാ ടീമുകളും ഇതേ മനോഗതിയോടെയാണ് മത്സരത്തെ നേരിടുന്നത്. ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ഹർമന്‍പ്രീത് കൗർ പറഞ്ഞു.
ടീം ഇന്ത്യ എതിരാളികളെ സമ്മർദത്തിലാക്കും: ഹർമന്‍പ്രീത് കൗർ
ഇന്ത്യന്‍ ആരാധകർ ഏറെയുള്ള സിഡ്നിയില്‍ ഓസ്‌ട്രേലിയക്ക് എതിരെ കളിക്കാന്‍ സാധിക്കുന്നത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ
കായിക രംഗത്ത് ചിലപ്പോൾ മികച്ച ഫോമില്‍ തുടരാന്‍ സാധിക്കും ചിലപ്പോൾ അല്ലാതെയും വന്നേക്കാം. ഇന്ത്യന്‍ ആരാധകർ ഏറെയുള്ള സിഡ്നിയില്‍ ഓസ്‌ട്രേലിയക്ക് എതിരെ കളിക്കാന്‍ സാധിക്കുന്നത് ടീമിന് ഏറെ ഗുണം ചെയ്യും. ഗാലറി നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേഗം കുറഞ്ഞ പിച്ചിന്‍റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളും ടൂർണമെന്‍റിന്‍റെ ഫൈനല്‍ ലക്ഷ്യമിട്ടാണ് കളിക്കുക എന്നും ഹർമന്‍പ്രീത് കൗർ കൂട്ടിച്ചേർത്തു.
ഈ ലോകകപ്പില്‍ ടീം കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകർ. അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഇതിനകം നാല് തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് മൂന്ന് തവണം സെമി ഫൈനല്‍ പ്രവേശിച്ചു എന്നതും ഏകദിന ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പാകാനായി എന്നതുമാണ് ടീം ഇന്ത്യയുടെ നേട്ടം. മാർച്ച് എട്ടിന് മെല്‍ബണിലാണ് ഫൈനല്‍ മത്സരം.