സിഡ്‌നി: വനിതാ ടി-20 ലോകകപ്പിലെ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ സ്‌പിന്നർ പൂനം യാദവ് മികച്ച പ്രകടനം പുറത്തെടുത്തതാണ് ടീം ഇന്ത്യയുടെ വിജയത്തിന് കാരണമായതെന്ന് ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ. സിഡ്നിയില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ. അതേസമയം ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിച്ചതിനാലാണ് വിക്കറ്റുകൾ സ്വന്തമാക്കാനായതെന്ന് പൂനം യാദവും പറഞ്ഞു.
ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ 17 റണ്‍സിനാണ് ടീം ഇന്ത്യ അട്ടിമറിച്ചത്. നാല് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നർ പൂനം യാദവാണ് ഇന്ത്യയുടെ വിജയം അനായാസമാക്കി മാറ്റിയത്. 133 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 19.5 ഓവറില്‍ 115 റണ്‍സെടുത്ത് പുറത്തായി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ വാർത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
ചില സമയങ്ങളില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയാല്‍ കളി മാറിമറിയുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ മത്സരശേഷം പറഞ്ഞു. അതാണ് ഇന്നലെ സംഭവിച്ചത്. ടീമിലെ വിക്കറ്റ് ടേക്കറാണ് പൂനം. അവർ ആ ജോലി നല്ലരീതിയില്‍ ചെയ്യുന്നുണ്ട്. ടി20 ഫോർമാറ്റില്‍ അവർക്ക് മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. എപ്പോഴും ടീമിന് വേണ്ടിയാണ് പൂനം പന്തെറിയുന്നതെന്നും ഹർമന്‍പ്രീത് കൗർ പറഞ്ഞു.
പരിക്ക് കാരണം ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര വനിതാ ടി-20 മത്സരം പൂനത്തിന് നഷ്‌ടമായിരുന്നു. പരിക്ക് കാരണം 28 വയസുള്ള പൂനം ലോകകപ്പില്‍ കളിക്കുന്ന കാര്യവും സംശയത്തിലായിരുന്നു. നേരത്തെ പൂനത്തെ പ്രശംസിച്ച് ഓസിസ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആലിസ ഹീലിയും രംഗത്ത് വന്നിരുന്നു.