ഹൈദരാബാദ്: അണ്ടർ 19 ലോകകപ്പിലെ ജേതാക്കളെ ഞായറാഴ്‌ച്ച അറിയാം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ടീം ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഫൈനലില്‍ ജയിച്ചാല്‍ അഞ്ച് തവണ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കുന്ന ടീമെന്ന റെക്കോഡ് ഇന്ത്യക്ക് സ്വന്തമാക്കാനാകും. അതേസമയം ആദ്യമായി അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കുന്ന ടീമെന്ന നേട്ടമാണ് ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്. ഇരു ടീമുകളും ടൂർണമെന്‍റില്‍ അജയ്യരായാണ് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലിലാണ് ടീം ഇന്ത്യ അവസാനമായി ബംഗ്ലാദേശിനോട് ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ അഞ്ച് റണ്‍സിന്‍റെ ജയം സ്വന്തമാക്കി.
അണ്ടർ 19 ലോകകപ്പ്; അഞ്ചാം കിരീടം തേടി ടീം ഇന്ത്യ - india win news
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടർ 19 ലോകകപ്പില്‍ ഇതേവരെ പരാജയം അറിയതെയാണ് ഇന്ത്യയും ബംഗ്ലാദേശും ഫൈനലില്‍ മത്സരിക്കാന്‍ എത്തുന്നത്
ബാറ്റിങ്ങില്‍ ടീം ഇന്ത്യ ശക്തമായ നിലയിലാണ്. 312 റണ്‍സുമായി നിലവില്‍ ലോകകപ്പിലെ ഈ സീസണിലെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനാണ് ഇന്ത്യയുടെ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. ഫൈനല്‍ മത്സരത്തില്‍ പേസർ കാർത്തിക് ത്യാഗിയും ബംഗ്ലാദേശ് ബാറ്റ്‌സ്‌മാന്‍മാർക്ക് ഭീഷണി ഉയർത്തും. 135 കിലോമീറ്റർ വേഗത്തില്‍ സ്ഥിരതയോടെ പന്തെറിയുന്ന ത്യാഗിയെ നേരിടാന്‍ ബംഗ്ലാദേശ് താരങ്ങൾ ഏറെ വിയർക്കേണ്ടിവരും. നേരത്തെ ഓസ്‌ട്രേലിയക്ക് എതിരായ ക്വാർട്ടർ ഫൈനല്‍ മത്സരത്തില്‍ ത്യാഗി എട്ട് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും പാക്കിസ്ഥാന് എതിരായ സെമി ഫൈനല്‍ മത്സരത്തില്‍ എട്ട് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു. അതേസമയം ന്യൂസിലന്‍ഡിന് എതിരായ മത്സരത്തില്‍ 100 റണ്‍സോടെ സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഹസന്‍ ജോയിലാണ് ബംഗ്ലാദേശിന്‍റെ ബാറ്റിങ് പ്രതീക്ഷ. ലോകകപ്പിന്‍റെ ആദ്യ മത്സരങ്ങളില്‍ മങ്ങിയ പ്രകടനം കാഴ്‌ചവച്ചെങ്കിലും തുടർന്നുള്ള മത്സരങ്ങളില്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തി. ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനാണ് ഹസന്‍ ജോയ്.
സെമി ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച അതേ പിച്ചിലായിരിക്കും ഇന്ത്യ ബംഗ്ലാദേശിനെയും നേരിടുക. ഇന്ത്യന്‍ ടീമിന് ഭീഷണി ഉയർത്തുന്ന ഒന്നും പിച്ചില്‍ ഇല്ലെന്നാണ് സൂചന. സെമി ഫൈനലില്‍ പാകിസ്ഥാന് 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫൈനല്‍ മത്സരത്തില്‍ ടോസും നിർണായകമാകാന്‍ സാധ്യതയുണ്ട്. അവസാനം നടന്ന അഞ്ച് അണ്ടർ 19 ലോകകപ്പുകളില്‍ നാല് തവണയും രണ്ടാമത് ബാറ്റ് ചെയ്‌തവർക്കൊപ്പമായിരുന്നു വിജയം.