പോച്ചെഫ്‌സ്ട്രൂം (ന്യൂസിലന്‍ഡ്):അണ്ടര്‍ -19 ലോകകപ്പില്‍ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ. ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ ടീം ഇന്ത്യ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മറുവശത്ത് തുല്യശക്‌തികളായ ഓസീസ് അണിനിരക്കുമ്പോള്‍ മത്സരം തീപാറുമെന്നതില്‍ സംശയമില്ല. സെന്‍വെസ് പാര്‍ക്കിലാണ് മത്സരം.
അണ്ടര്‍ -19 ലോകകപ്പ്; സെമി ലക്ഷ്യമിട്ട് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ - അണ്ടര്‍ -19 ലോകകപ്പ്
സെന്‍വെസ് പാര്‍ക്കിലാണ് മത്സരം
ടൂര്‍ണമെന്‍റില്‍ പരാജയമറിയാതെയാണ് ഇന്ത്യയുടെ തേരോട്ടം. ഗ്രൂപ്പ് സ്‌റ്റേജില്‍ ശ്രീലങ്കയെയും, ജപ്പാനെയും തകര്‍ത്ത ശേഷമാണ് ഇന്ത്യ കിവിപ്പടയെ തോല്‍പ്പിച്ചത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും, ഫീല്‍ഡിങ്ങിലും നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഒത്ത പ്രകടനമാണ് ഇന്ത്യ കാഴ്‌ച വയ്‌ക്കുന്നത്. കൈക്കുഴ സ്‌പിന്നര്‍ രവി ബിഷ്‌നോയി നയിക്കുന്ന ബൗളിങ്ങ് നിര ഏത് ടീമിനെയും കറക്കി വീഴ്‌ത്താന്‍ ശേഷിയുള്ളവരാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി പത്ത് വിക്കറ്റുകളാണ് ബിഷ്‌നോയി സ്വന്തമാക്കിയത്. 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ബിഷ്‌ണോയിയുടെ മികവിലാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്. ഐപിഎല്‍ ലേലത്തില്‍ രണ്ട് കോടി രൂപയ്‌ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ താരമാണ് ബിഷ്‌നോയി. കാര്‍ത്തിക് ത്യാഗിയും, ആകാശ് സിങ്ങും ഉള്‍പ്പെടുന്ന പേസ് നിരയും ശക്തമാണ്. ബാറ്റിങ്ങില്‍ ടീമിന് മികച്ച തുടക്കം നല്‍കാന്‍ യശസ്വി, ദിവ്യനാഷ് സക്‌സേന സഖ്യത്തിനാകുന്നുണ്ട്. ക്യാപ്‌റ്റന്‍ പ്രിയം ഗര്‍ഗും മികച്ച ഫോമിലാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 2.40 കോടി മുടക്കി സ്വന്തമാക്കിയ യശസ്വി രണ്ട് അര്‍ധസെഞ്ച്വറികളുമായി ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലാണ്.
ടൂര്‍ണമെന്‍റില്‍ തങ്ങളുടെ യഥാര്‍ഥ ശക്തി പുറത്തെടുക്കാനാകാതെ പോയ ടീമാണ് ഓസ്‌ട്രേലിയ. ആദ്യ മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിനോട് ടീം അപ്രതീക്ഷിതമായി പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ നൈജീരിയയോട് പത്ത് വിക്കറ്റിന് ജയിക്കാനായത് ഓസീസിന് ആത്മവിശ്വാസം നല്‍കി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കംഗാരുപ്പട കരുത്തുകാട്ടി. മികച്ച ഫോമിലുള്ള രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ മൈതാനത്ത് ഇന്ന് തീപാറുമെന്നതില്‍ സംശയമില്ല.