ദുബായ്:ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ ഉപനായകന്‍ പാറ്റ് കമ്മിന്‍സും ഒന്നാം സ്ഥാനത്ത് തുടരുന്നു. 2019-ല്‍ അവസാനമായി ടെസ്‌റ്റ് റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ ബാറ്റ്സ്‌മാന്‍മാരില്‍ ഒന്നാം സ്ഥനത്തുള്ള കോലിക്ക് 928 പോയിന്‍റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസിസ് ബാറ്റ്സ്‌മാന്‍ സ്‌റ്റീവ് സ്‌മിത്തിന് 911 പോയിന്‍റും. ഇരുവരും തമ്മില്‍ 17 പോയിന്‍റിന്‍റെ വ്യത്യാസമാണ് ഉള്ളത്. 822 പോയിന്‍റുമായി ന്യൂസിലാന്‍റ് നായകന്‍ കെയിന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കന്‍ താരം ക്വന്‍റണ്‍ ഡി കോക്ക് എട്ട് സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പത്തില്‍ ഉൾപ്പെട്ടു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ മെച്ചപെട്ട പ്രകടനം പുറത്തെടുത്തതാണ് ഡി കോക്കിന് തുണയായത്. ഒന്നാം ഇന്നിങ്സില്‍ 95 റണ്‍സാണ് ഡി കോക്ക് നേടിയത്. ഓസ്‌ട്രേലിയന്‍ താരം ലംബുഷെയിന്‍ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചെപെടുത്തി. 805 പോയിന്‍റുമായി താരം നാലാമതാണ്. ഇന്ത്യന്‍ താരം ചേതേശ്വർ പൂജാര ഒരു സ്ഥാനം താഴേക്ക് പോയി അഞ്ചാമതായി. ഇന്ത്യന്‍ താരം അജങ്ക്യ രഹാനെ ഏഴാം സ്ഥാനത്താണ്.