ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയും നായകൻ വിരാട് കോഹ്ലിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങാനിരിക്കെ 113 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്. 111 പോയിന്റുമായി ന്യൂസിലൻഡും 108 പോയിന്റുമായി ദക്ഷിണാഫ്രിക്കയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്തുമാണ്.
922 പോയിന്റുമായാണ് കോഹ്ലി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തിയത്. 913 പോയിന്റുമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസണും 881 പോയിന്റുമായി ഇന്ത്യയുടെ തന്നെ ചേതേശ്വർ പൂജാരയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഓസീസ് താരം സ്റ്റീവ് സ്മിത്ത് നാലാം സ്ഥാനത്തും കിവീസ് താരം ഹെൻറി നിക്കോളാസ് അഞ്ചാം സ്ഥാനത്തുമാണ്. 15ാം റാങ്കിലുള്ള റിഷഭ് പന്താണ് (673) ആദ്യ 20ല്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്.