ന്യൂഡല്‍ഹി:മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിക്കിടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെയും പേര് തെറ്റായി ഉച്ചരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
സച്ചിന്‍റെ പേര് തെറ്റായി ഉച്ചരിച്ചു; ട്രംപിനെ ട്രോളി ഐസിസി - സൂച്ചിന്‍ ടെന്‍ഡുല്‍ക്കർ വാർത്ത
നമസ്‌തെ ട്രംപ് പരിപാടിക്കിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് വേണ്ടിയും വിരാട് കോലിക്ക് വേണ്ടിയും ആരവം മുഴക്കുന്ന രാജ്യമെന്ന് പറഞ്ഞപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉച്ചാരണത്തില്‍ പിഴവ് സംഭവിച്ചത്
സച്ചിന്‍റെ പേര് സൂച്ചിന്‍ ടെന്‍ഡോല്‍ക്കർ എന്നും വിരാട് കോലിയുടെ പേര് വിരോട് കോലിയുമെന്നാണ് ട്രംപ് ഉച്ചരിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് വേണ്ടിയും വിരാട് കോലിക്ക് വേണ്ടിയും ആരവം മുഴക്കുന്ന രാജ്യമെന്ന് പറഞ്ഞപ്പോഴാണ് ട്രംപിന്‍റെ ഉച്ചാരണത്തില്‍ പിഴവ് സംഭവിച്ചത്. ട്രംപിന്‍റെ നാക്ക് പിഴവിനെ തുടർന്ന് ട്രംപിനെ ട്രോളി ഐസിസിയും രംഗത്ത് വന്നു. ഐസിസി ഡാറ്റാബേസില്‍ സച്ചിന്‍റെ പേര് എഡിറ്റ് ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തായിരുന്നു ഐസിസിയുടെ ട്രോൾ.
ഒരു ലക്ഷത്തില്‍ അധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയത്. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദർശനത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും ഇന്നാണ് ഇന്ത്യയില്‍ എത്തിയത്. അഹമ്മദാബാദില്‍ വിമാനം ഇറങ്ങിയ ട്രംപ് സബർമതി ആശ്രമം സന്ദർശിച്ച ശേഷമാണ് നമസ്‌തേ ട്രംപ് പരിപാടിക്കായി എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖർ വേദിയില്‍ സന്നിഹിതരായിരുന്നു.