ദുബായ്: മൊട്ടേരയില്‍ 400 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യന്‍ സ്‌പിന്നര്‍ രവി അശ്വിന് റെക്കോഡ്. റാങ്കിങ്ങില്‍ നാല് സ്ഥാനം മുന്നേറിയ അശ്വിന്‍ മൂന്നാമതായി. ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക സ്‌പിന്നര്‍ കൂടിയാണ് അശ്വിന്‍. ബൗളര്‍മാര്‍ക്കിടയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യക്കാരന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയാണ്. പട്ടികയില്‍ ഒരു സ്ഥാനം താഴേക്ക് പോയ ബുമ്ര നിലവില്‍ ഒമ്പതാമതാണ്.
ഇന്ത്യന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പേസര്‍മാരായ ജിമ്മി ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ പട്ടികയില്‍ തരംതാഴ്‌ത്തപ്പെട്ടു. ജിമ്മി ആന്‍ഡേഴ്‌സണ്‍ മൂന്ന് സ്ഥാനം താഴേക്ക് പോയി ആറാമതായി. ഒരു സ്ഥാനം താഴേക്ക് പോയി സ്റ്റുവര്‍ട്ട് ബ്രോഡ് ഏഴാമതായി. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡിന്‍റെ നെയില്‍ വാഗ്‌നറാണ്.