കൊല്‍ക്കത്ത:വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പിന്തുണയുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. പന്ത് മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾ നല്ലതാണെന്നും ഗാംഗുലി പറഞ്ഞു. ധോണിയുമായി ബന്ധപ്പെട്ട താരതമ്യങ്ങളെയും വിമർശനങ്ങളെയും അദ്ദേഹം അതിജീവിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യങ്ങളെ ഋഷഭ് പന്ത് ഉപയോഗപെടുത്തണമെന്നും ബിസിസിഐ അധ്യക്ഷന്‍ പറഞ്ഞു.
ഋഷഭ് പന്തിന് പിന്തുണയുമായി 'ദാദ' - ധോണിയെ കുറിച്ച് ദാദ വാർത്ത
നിലവിലെ സാഹചര്യങ്ങളെ ഇന്ത്യന്‍ താരം ഋഷഭ് പന്ത് ഉപയോഗപെടുത്തണമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി
ഇന്ത്യൻ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകൾക്ക് നന്ദി പറയാന്‍ ബിസിസിഐക്ക് ആകില്ല. ധോണി രാജ്യത്തിനായി നേടിയവ സ്വന്തമാക്കാന്‍ ഋഷഭിന് 15 വർഷങ്ങൾ വേണ്ടിവരും. അതേസമയം ധോണിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് സെലക്‌ടർമാരോടും നായകന്‍ വിരാട് കോലിയോടും സംസാരിക്കും. എത് സമയത്തും ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിന്‍ഡീസിന് എതിരായ ട്വന്‍റി-20 പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഹിറ്റ്മാന്‍ രോഹിത് ശർമ്മയും ഋഷഭ് പന്തിനെ പിന്തുണച്ച് സംസാരിച്ചിരുന്നു. ധോണി അവധിയില്‍ പ്രവേശിച്ചതോടെ ഋഷഭാണ് ടീം ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. അവസരം ലഭിച്ചപ്പോഴൊക്കെ ഋഷഭ് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഏതായാലും വിന്‍ഡീസ് എതിരായ പരമ്പരയില്‍ ഋഷഭ് മികവ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.