ന്യൂഡല്‍ഹി: ഐപിഎല്‍ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഒരിക്കലും വിട്ടുപോകില്ലെന്ന് വ്യക്തമാക്കി നായകന്‍ വിരാട് കോലി. ആര്‍സിബി ടീമിലെ അംഗവും ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു കോലി.
ഐപിഎല്‍ കളിക്കുന്നിടത്തോളം ആർസിബി വിടില്ല: കോലി - കോലി വാർത്ത
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി ഐപിഎല്‍ കിരീടം ഉയർത്താനാകുമെന്ന പ്രതീക്ഷയും വിരാട് കോലി പങ്കുവെച്ചു
ഐപിഎല്‍ കിരീടം ആർസിബിക്കായി ഉയർത്താനാകുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. ഈ ടീമിനെ വിട്ടുപോവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടീമിന്‍റെ ആരാധകരും അവര്‍ക്ക് ആര്‍സിബിയോടുള്ള കൂറും അദ്ഭുതപ്പെടുത്തുന്നതാണെന്നും കോലി ചൂണ്ടിക്കാട്ടി. അവിസ്മരണീയമായ യാത്രയായിരുന്നു ആര്‍സിബിക്കൊപ്പമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആദ്യ സീസണ്‍ മുതല്‍ ഇതേവരെ 12 വർഷമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആർസിബിക്ക് ഒപ്പമുണ്ട്. 2008-ല്‍ സാധാരണ താരമായി ടീമിലെത്തി. പിന്നീട് നായകനായി. അതേസമയം ഡിവില്ലിയേഴ്‌സ് ഒമ്പത് വർഷമായി ടീമിനൊപ്പമുണ്ട്. ഐപിഎല്ലില്‍ ഇതേവരെ ചാമ്പ്യന്‍മാർ ആകാത്ത ടീമാണ് ആർസിബി.