ന്യൂഡല്‍ഹി:വീട്ടിലിരിക്കുമ്പോൾ ക്രിക്കറ്റിനേക്കാൾ കാണാന്‍ ഇഷ്‌ടപെടുന്നത് ഫുട്‌ബോളാണെന്ന് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ. അവതാരകന്‍ ജോ മോറിസണുമായി ഫേസ്‌ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍. നിലവില്‍ സ്‌പാനിഷ് ലാലിഗയുടെ ഇന്ത്യന്‍ അംബാസഡറാണ് രോഹിത് ശർമ. ഫുട്‌ബോൾ മത്സരങ്ങൾ എപ്പോഴും നയനാനന്ദകരമാണ്. ഏറെ പ്രാവീണ്യമുള്ളവരാണ് കാല്‍പന്തിന്‍റെ ലോകത്ത് മാറ്റുരക്കുന്നത്. അതിനാല്‍ തന്നെ ഫുട്‌ബോൾ കാണാന്‍ ഇഷ്‌ടപെടുന്നുവെന്നും രോഹിത് പറഞ്ഞു.
ക്രിക്കറ്റിനേക്കാൾ കാണാന്‍ ആഗ്രഹിക്കുന്നത് ഫുട്‌ബോൾ: ഹിറ്റ്മാന്‍ - രോഹിത് ശർമ വാർത്ത
നിലവില്‍ സ്‌പാനിഷ് ലാലിഗയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് ആംബാസഡറാണ് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ
ഫുട്‌ബോൾ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ മധ്യനിരയില്‍ അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിടെ കൂടുതല്‍ ഓടേണ്ടിവരില്ല. അതേസമയം അറ്റാക്കിങ് മിഡ്‌ഫീല്‍ഡറാകാന്‍ താല്‍പര്യമില്ല. കൂടുതല്‍ പ്രാവീണ്യം ആവശ്യമുള്ള മേഖലയാണ് അത്. അവിടെ ഗോൾ അവസരങ്ങൾ തുറന്ന് കൊടുക്കേണ്ടിവരും. ഇന്ത്യയില്‍ ലാലിഗക്ക് ആരാധകർ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ലാലിഗ പുനരാരംഭിക്കുമ്പോൾ പഴയ ആവേശത്തോടെ ഇന്ത്യയിലെ ആരാധകർ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
കൊവിഡ് 19 കാരണം ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക രംഗമെല്ലാം നിലവില്‍ സ്‌തംഭിച്ചിരിക്കുകയാണ്. അതേസമയം ജർമന്‍ ബുണ്ടസ് ലീഗ മെയ് മധ്യത്തോടെ പുനരാരംഭിച്ചു. സ്‌പാനിഷ് ലാലിഗ ജൂണ്‍ എട്ടോടെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ലീഗിലെ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളുമായി അധികൃതർ മുന്നോട്ട് പോവുകയാണ്.