ഗുവാഹത്തി:ഇന്ത്യന്‍ പേസ് ബോളർ ജസ്പ്രീത് ബൂമ്രക്കൊപ്പം പന്തെറിയാന്‍ ലഭിക്കുന്ന അവസരം കരിയറില്‍ ഗുണം ചെയ്യുമെന്ന് നവദീപ് സൈനി. ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരിയിലെ ആദ്യ മത്സരം ഗുവാഹത്തിയില്‍ ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് സൈനിയുടെ പ്രതികരണം. തന്‍റെ പോരായ്‌മകളും കുറവുകളും ബൂമ്രയുമായി പങ്കുവെക്കുമെന്നും താരം പറഞ്ഞു.
പോരായ്‌മകൾ ബൂമ്രയുമായി പങ്കുവെക്കും: സൈനി - ജസ്‌പ്രീത് ബൂമ്ര വാർത്ത
ഓസ്‌ട്രേലിയയില്‍ ഈ വർഷം നടക്കുന്ന ട്വന്‍റി-20 ലോകകപ്പിന്‍റെ ഭാഗമാകാനാണ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യന്‍ ബോളിങ്ങ് നിരയുടെ ഭാഗമാകാന്‍ കഠിനാധ്വാനം ആവശ്യമാണെന്നും നവദീപ് സൈനി
ഇന്ത്യയുടെ ബോളിങ്ങ് നിര ശക്തമാണ് അതിനാല്‍ തന്നെ കഠിനാധ്വാനം നടത്തിയാലെ ടീമില്‍ നിലനില്‍ക്കാനാകൂവെന്നും താരം പറഞ്ഞു. ഇതിനകം ഒരു ഏകദിനവും അഞ്ച് ട്വന്‍റി-20 മത്സരങ്ങളും ഉൾപ്പെടെ ആറ് അന്താരാഷ്‌ട്ര മത്സരങ്ങളാണ് സൈനി കളിച്ചത്.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ കട്ടക്ക് ഏകദിനത്തില്‍ പരിക്കേറ്റ ദീപക് ചാഹർക്ക് പകരമാണ് സൈനി അവസാനമായി ടീമില്‍ തിരിച്ചെത്തിയത്. അന്ന് റോസ്‌ടണ്‍ ചാസിന്‍റെയും ഹിറ്റ് മെയറുടെയും വിക്കറ്റുകൾ സ്വന്തമാക്കി സൈനി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഈ വർഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നവദീപ് സൈനി പറഞ്ഞു.