ന്യൂഡല്‍ഹി: അഞ്ചാമത് ഐപിഎല്‍ കിരീടം മുംബൈക്ക് നേടിക്കൊടുത്ത ഹിറ്റ്മാന്‍ ഇനി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക്. ഐപിഎല്‍ പോരാട്ടത്തിനിടെ പേശിക്ക് പരിക്കേറ്റ രോഹിത് ശര്‍മ ദീപാവലിക്കേ ശേഷമാകും ബംഗളൂരുവിലേക്ക് തിരിക്കുക. അത്രയും സമയം രോഹിത് കുടുംബത്തോടൊപ്പം ചെലവഴിക്കും. മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമാകും യുഎഇയില്‍ നിന്നും രോഹിത് ഇന്ത്യയിലെത്തുക. ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 68 റണ്‍സെടുത്ത രോഹിത് മുന്നില്‍ നിന്ന് നയിച്ചതോടെ ഡല്‍ഹിക്ക് എതിരെ മുംബൈ അനായാസ ജയം സ്വന്തമാക്കിയിരുന്നു. എട്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് ജയമാണ് മുംബൈ കിരീട പോരാട്ടത്തില്‍ സ്വന്തമാക്കിയത്.
ഹിറ്റ്മാന്‍ റീഹാബ് സെന്‍ററിലേക്ക്; ദീപാവലി കുടുംബത്തോടൊപ്പം - hitman to rehab center news
ഐപിഎല്‍ കലാശപ്പോരിലെ നിര്‍ണായക പ്രകടനത്തിന് ശേഷം നാട്ടിലെത്തുന്ന രോഹിത് ശര്‍മ പരിക്കിനെ തുടര്‍ന്നാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ പ്രവേശിക്കുന്നത്
ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമില്‍ രോഹിത് ശര്‍മയെയും ബിസിസിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച ടീമില്‍ ഞായറാഴ്‌ച ബിസിസിഐ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ച കൂട്ടത്തിലാണ് രോഹിതിനെ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ഡേ-നൈറ്റ് ടെസ്റ്റോടെയാണ് പരമ്പരക്ക് തുടക്കമാകുക. വിരാട് കോലിയുടെ അഭാവത്തില്‍ ടെസ്റ്റ് പരമ്പരയില്‍ രോഹിതിന്‍റെ സ്ഥാനം നിര്‍ണായകമാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ്.
അതേസമയം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം വ്യാഴാഴ്ച യാത്ര തിരിക്കും. ടെസ്റ്റ് പരമ്പരക്ക് ഒപ്പം മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യന്‍ ടീം കങ്കാരുക്കളുടെ നാട്ടില്‍ കളിക്കും. പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ മത്സരം നവംബര്‍ 27ന് ആരംഭിക്കും. ഏകദിന പരമ്പരയോടെയാണ് ഇന്ത്യന്‍ ടീമിന്‍റെ ഓസിസ് പര്യടനത്തിന് തുടക്കമാവുക.