അബുദാബി: ഐപിഎല്ലില്‍ ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും അടങ്ങുന്ന കിങ്സ് ഇലവന്‍ പഞ്ചാബ് ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത നായകന്‍ രാഹുല്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 222 റണ്‍സാണ് ഇത്തവണ ഐപിഎല്‍ അക്കൗണ്ടില്‍ കുറിച്ചത്. ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ രാഹുല്‍ 69 പന്തില്‍ സെഞ്ച്വറിയോടെ 132 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാംഗ്ലൂരിനെ പഞ്ചറാക്കിയ രാഹുലിന്‍റെ ഇന്നിങ്സില്‍ ഏഴ് സിക്‌സും 14 ഫോറുമാണ് പിറന്നത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഇത്.
രാഹുലിന് തൊട്ടുപിന്നില്‍ റണ്‍വേട്ടയില്‍ രണ്ടാമതുള്ള ഓപ്പണര്‍ മായങ്ക് അഗര്‍വാളുമുണ്ട്. മുന്ന് മത്സരങ്ങളില്‍ നിന്നായി 221 റണ്‍സാണ് അഗര്‍വാളിന്‍റെ പേരിലുള്ളത്. ഐപിഎല്‍ കരിയറിലെ അഗര്‍വാളിന്‍റെ ഏറ്റവും ഉയർന്ന സ്‌കോര്‍ പിറന്നതും ഈ സീസണിലായിരുന്നു. സീസണില്‍ മികച്ച ഫോമില്‍ കളി ആരംഭിച്ച രാജസ്ഥാന് എതിരെ ആയിരുന്നു സെഞ്ച്വറി പ്രകടനം എന്നതും അഗര്‍വാളിന്‍റെ മാറ്റ് കൂട്ടുന്നു. 50 പന്തില്‍ 212 സ്‌ട്രൈക്ക് റേറ്റോടെ 106 റണ്‍സാണ് അഗര്‍വാള്‍ അടിച്ച് കൂട്ടിയത്. ഏഴ് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഗര്‍വാളിന്‍റെ ഇന്നിങ്സ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇരുവരുടെയും പ്രകടനം പഞ്ചാബിന് നിര്‍ണായകമായിരുന്നു.
പഞ്ചാബിന്‍റെ പേസര്‍ മുഹമ്മദ് ഷമി വിക്കറ്റ് വീഴ്‌ത്തുന്നതില്‍ മിടുക്ക് കാണിക്കുന്നുണ്ടെങ്കിലും റണ്‍ വിട്ടുകൊടുക്കുന്നതില്‍ കാണിക്കുന്ന ധാരാളിത്തമാണ് ടീമിന് വിനയാകുന്നത്. രാജസ്ഥാന് എതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ ഷമി നാല് ഓവറില്‍ 53 റണ്‍സാണ് വിട്ടുകൊടുത്തത്. അണ്ടര്‍ 19 താരം രവി ബിഷ്‌ണോയി ആണ് പഞ്ചാബിന്‍റെ സ്‌പിന്‍ ബൗളിങ്ങിന് നേതൃത്വം നല്‍കുന്നത്. ഇതിനകം മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റുകള്‍ ബിഷ്‌ണോയി സ്വന്തമാക്കിയിട്ടുണ്ട്. രാജസ്ഥാന് എതിരായ മത്സരത്തില്‍ മാത്രമാണ് ബിഷ്‌ണോയിക്ക് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കാതെ പോയത്.