കൊല്‍ക്കൊത്ത; ഇന്ത്യൻ ക്രിക്കറ്റിന്‍റെ മെക്കയില്‍ മണി മുഴങ്ങി. ഇന്ത്യൻ ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതിച്ചേർത്ത് പിങ്ക് ബോൾ ക്രിക്കറ്റിലെ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് കൊല്‍ക്കൊത്ത ഈഡൻ ഗാർഡനില്‍ തുടക്കം.
ഇന്ത്യൻ ക്രിക്കിലെ മഹാരഥമാരെ സാക്ഷിയാക്കി സ്വർണ നാണയത്തില്‍ ടോസിട്ടു. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ മോമിനുൾ ഹഖ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് കളിച്ച അതേ ടീമിനെ ഇന്ത്യ അണി നിരത്തിയപ്പോൾ രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ചരിത്ര ടെസ്റ്റിനിറങ്ങിയത്. തൈജുൾ, മെഹ്ദി എന്നിവർക്ക് പകരം അല്‍ അമിനും നയീമും ബംഗ്ലാ നിരയില്‍ ഇടം പിടിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ചേർന്ന് ഈഡൻ ഗാർഡനില്‍ തയ്യാറാക്കിയ പ്രത്യേക മണി മുഴക്കിയതോടെയാണ് മത്സരത്തിന് ഔദ്യോഗിക തുടക്കമായത്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് നസ്‌മുൾ ഹസൻ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. ഷേക് ഹസീനയും മമതാ ബാനർജിയും താരങ്ങളെ പരിചയപ്പെട്ട ശേഷം മത്സരത്തിന് തുടക്കമായി.
വൈകിട്ട് മൂന്ന് മണിക്ക് കളിയുടെ ആദ്യ ഇടവേളയില്‍ ഇന്ത്യൻ ക്രിക്കറ്റിലെ ഫാബുലസ് ഫൈവ് എന്നറിയപ്പെടുന്ന സച്ചിൻ തെൻഡുല്‍ക്കർ, ഗാംഗുലി, ലക്ഷ്മൺ, ദ്രാവിഡ്, കുംബ്ലൈ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക പരിപാടി നടക്കും. രണ്ടാം ഇടവേളയില്‍ സൗരവ് ഗാംഗുലിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ പഴയകാല ബംഗ്ലാദേശ് താരങ്ങളെ ആദരിക്കും.
കൊല്‍ക്കൊത്തയുടെ സാംസ്കാരിക തനിമ വിളിച്ചോതിയ കലാപരിപാടികളും മത്സരത്തിന് മുന്നോടിയായി നടന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഗംഭീര കലാ വിരുന്നാണ് സ്റ്റേഡിയത്തിന് അകത്തും പുറത്തും ചരിത്ര മത്സരത്തെ വരവേല്‍ക്കാൻ സംഘടിപ്പിച്ചിട്ടുള്ളത്.