സിഡ്‌നി:വരും വർഷങ്ങളിലെങ്കിലും ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങൾക്ക് റിസർവ് ദിവസങ്ങൾ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ. സിഡ്‌നിയില്‍ നടന്ന വനിത ടി20 ലോകകപ്പ് സെമി ഫൈനല്‍ മഴ കാരണം ഉപേക്ഷിച്ചതിനെ തുടർന്ന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവർ. ഇത്തരത്തില്‍ ഫൈനലിലേക്ക് പ്രവേശിക്കേണ്ടിവരുമെന്ന് കരുതിയില്ല. ഇതല്ലായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. പക്ഷേ നിയമങ്ങൾ അനുസരിച്ചല്ലെ പറ്റു. ലോകകപ്പില്‍ സെമി ഫൈനല്‍ മത്സരം നടന്നില്ലെങ്കില്‍ ഫൈനല്‍ പ്രവേശനം ഉറപ്പാക്കണമെങ്കില്‍ അതുവരെയുള്ള എല്ലാ മത്സരവും ജയിക്കണമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. അത് ഏറെ പ്രയാസകരവുമായിരുന്നുവെന്നും ഹർമന്‍പ്രീത് കൗർ പറഞ്ഞു.
സെമിക്ക് റിസർവ് ദിനം വേണം: ഹർമന്‍ പ്രീത് - women's t20 news
സിഡ്‌നിയില്‍ നടന്ന വനിത ടി20 ലോകകപ്പ് സെമി ഫൈനല്‍ മഴ കാരണം ഉപേക്ഷിച്ചതിനെ തുടർന്ന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ഹർമന്‍പ്രീത് കൗർ
ആദ്യ ടി20 ലോകകപ്പ് ഫൈനല്‍ മത്സരം ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ഹർമന്‍പ്രീത് കൂട്ടിച്ചേർത്തു. ടീം എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ഫൈനലില്‍ പുറത്തെടുക്കും. അതിലൂടെ കിരീടം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഇതുവരെ ലോകകപ്പില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിനാല്‍ തന്നെ എതിരാളികളെ ആരെയും വിലകുറച്ച് കാണുന്നില്ല. ഗ്രൂപ്പ് തലത്തില്‍ എതിരാളികളായ ഓസ്‌ട്രേലിയെയും ബംഗ്ലാദേശിനെയും ന്യൂസിലന്‍ഡിനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യമായാണ് ഇന്ത്യ വനിത ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്താവുകയായിരുന്നു.
വനിത ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങളില്‍ റിസർവ് ദിനം, മഴ നിയമം എന്നിവ പരിഗണിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാല്‍ ഇവ ഐസിസി തള്ളുകയായിരുന്നു.