ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിനും പ്രാധാന്യം ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സച്ചിന്‍റെ ട്വീറ്റിന് പിന്തുണയുമായി കൂടുതല്‍ മുന്‍ താരങ്ങൾ രംഗത്ത്. നേരത്തെ സൗരവ് ഗാംഗുലിയും നിലിവില്‍ ഹർഭജന്‍ സിങ്ങുമാണ് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഐസിസിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സച്ചിന്‍ സാമൂഹ്യമാധ്യമത്തില്‍ ചർച്ചക്ക് തുടക്കം കുറിച്ചത്. സച്ചിനെയും ഗാംഗുലിയെയും പരാർശിച്ച് കൊണ്ടായിരുന്നു ഐസിസിയുടെ ട്വീറ്റ്. റെക്കോഡ് നേട്ടങ്ങളുടെ വെളിച്ചത്തില്‍ ഇരുവരുടെയും റണ്‍ ദാഹം ഇനിയും തീർന്നിട്ടില്ലെന്ന് ട്വീറ്റില്‍ പറയുന്നു. 'സച്ചിന്‍ ടെന്‍ഡുല്‍ക്കർ + സൗരവ് ഗാംഗുലി ഏകദിനത്തില്‍. കൂട്ടുകെട്ടുകൾ 176, റണ്‍സ് 8227, ശരാശരി 47.55. ഏകദിനത്തില്‍ മറ്റൊരു കൂട്ടുകെട്ടും 6,000 റണ്‍സ് പോലും പിന്നിട്ടിട്ടില്ല.'
'ഇത് (ഐസിസിയുടെ ട്വീറ്റ്) ദാദയുമൊത്തുള്ള സുന്ദരമായ നിമിഷങ്ങൾ മനസില്‍ നിറയ്‌കുന്നു. റിങ്ങിന് പുറത്ത് പരമാവധി നാല് ഫീല്‍ഡർമാരും രണ്ട് ന്യൂബോളിനും അനുമതി ഉണ്ടെന്നിരിക്കെ ഇന്നാണെങ്കില്‍ നമുക്ക് എത്ര റണ്‍സ് കൂടി നേടാമായിരുന്നുവെന്നാണ് താങ്കൾക്ക് തോന്നുന്നത്?' ഗാംഗുലിയെ ടാഗ് ചെയ്‌ത് സച്ചിന്‍ റീട്വീറ്റ് ചെയ്‌തു. ഇത് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു. ഉടനെത്തി ഗാംഗുലിയുടെ മറുപടി. 'ഇനിയും 4,000 റണ്‍സ് കൂടി തീർച്ചയായും നേടാമായിരുന്നു. രണ്ട് ന്യൂബോൾ. മത്സരത്തിലെ ആദ്യ ഓവറില്‍തന്നെ കവർ ഡ്രൈവിലൂടെ ഒരു പന്ത് ബൗണ്ടറി കടക്കുന്നത് പോലെ തോന്നുന്നു. ബാക്കി 50 ഓവറോ!' ഗാംഗുലി ട്വീറ്റ് ചെയ്‌തു.