ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കണമെന്ന് സ്പന്നര്‍ ഹര്‍ഭജന്‍ സിങ്. 50 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതോ 35 വയസിന് മുകളില്‍ പ്രായമുള്ളതോ ആയ താരങ്ങള്‍ക്ക് ഇതിനായി അപേക്ഷിക്കാനും അനുമതി നല്‍കാനും ബിസിസിഐ മാനദണ്ഡമുണ്ടാക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ലാത്ത വാര്‍ഷിക കരാറില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്ക് ഇതിലൂടെ ഗുണം ലഭിക്കും. ആകാശ് ചോപ്രയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഓള്‍ റൗണ്ടര്‍മാരായ സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനും ഇതേ ആവശ്യം ബിസിസിഐക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. അന്താരാഷട്ര ക്രിക്കറ്റിലേക്ക് ബിസിസിഐയുടെ പരിഗണനയിലില്ലാത്ത 30 വയസ് കഴിഞ്ഞ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം ഒരുക്കണമെന്നാണ് ഇരുവരും ആവശ്യപെട്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ വിട്ടുനില്‍ക്കലിനെ പറ്റി പ്രതികരിക്കാനും ഭാജി തയ്യാറായി. മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ ഈ വിധമാകില്ലായിരുന്നവെന്ന് എപ്പോഴും തോന്നാറുണ്ട്. ആരും എന്നോട് സംസാരിക്കാന്‍ തയാറായില്ല. 400 വിക്കറ്റ് സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും തിരിച്ചെത്തിയ ശേഷം തന്നെ ടെസ്റ്റ്് മത്സരങ്ങള്‍ക്കായി പരിഗണിച്ചിട്ടില്ല. 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുകയെന്നാല്‍ വലിയ കാര്യമാണ്. ഭാഗ്യം കൊണ്ട് അതിന് സാധിച്ചു. എന്റെ പ്രകടനം മങ്ങിയിട്ടുണ്ട്, അത് അംഗീകരിക്കുന്നു. പക്ഷെ അത് പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. ക്രിക്കറ്റിനായ എല്ലാ സമര്‍പ്പിച്ചവര്‍ക്ക് ഒരു നല്ല വിരമിക്കലെങ്കിലും അര്‍ഹിക്കുന്നുണ്ട്. പുതുമുഖങ്ങളാരും ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഹര്‍ഭജന്‍ സിങ് പറഞ്ഞു.
39 വയസുള്ള ഹര്‍ഭജന്‍ സിങ് രാജ്യത്തിന് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളും 236 ഏകദിനങ്ങളും 28 ടി20 കളും കളിച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 294 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 417 വിക്കറ്റുകളും സ്വന്തമാക്കി. 2016 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെയാണ് ഹര്‍ഭജന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.