കേരളം

kerala

ETV Bharat / sports

47ന്‍റെ നിറവില്‍ ക്രിക്കറ്റ് ദൈവം; പാജിക്ക് പിറന്നാള്‍ ആശംസകള്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പിറന്നാള്‍ ആഘോഷമുണ്ടാകില്ലെന്ന് സച്ചിന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ആശംസകളുടെ പ്രളയമാണ്.

47ന്‍റെ നിറവില്‍ ക്രിക്കറ്റ് ദൈവം ; HBD പാജി
47ന്‍റെ നിറവില്‍ ക്രിക്കറ്റ് ദൈവം ; HBD പാജി

By

Published : Apr 24, 2020, 10:42 AM IST

മുംബൈ: ലോക ക്രിക്കറ്റിന്‍റെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് 47ാം പിറന്നാള്‍. ലോകം കൊവിഡ് ഭീഷണിയില്‍ നില്‍ക്കെ മുബൈയിലെ വീട്ടില്‍ ഇന്ന് കാര്യമായ ആഘോഷങ്ങളില്ല. എന്നാല്‍ കൊവിഡ് ബാധിക്കാത്ത ക്രിക്കറ്റ് ആരാധകരുടെ മനസിലും, സമൂഹമാധ്യമങ്ങളിലും ഇന്ന് ഉത്സവമാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ വാട്‌സ് ആപ്പ് സ്‌റ്റാറ്റസുകളിലും, ട്വിറ്ററിലും, ഫേസ്‌ബുക്കിലുമെല്ലാം സച്ചിന്‍, സച്ചിന്‍, സച്ചിന്‍ എന്ന ആരവമാണ്. താരം കാലുകുത്തിയ കളങ്ങളിലെല്ലാം ഒരേ സ്വരത്തില്‍ മുഴങ്ങിയ ആര്‍പ്പുവിളികള്‍ സച്ചിന് പിറന്നാള്‍ ആശംസകളായി ഇന്നും നിറഞ്ഞുനില്‍ക്കുന്നു.

പകരം വയ്‌ക്കാനാകാത്ത, താരതമ്യം ചെയ്യാന്‍ കഴിയാത്ത റെക്കോര്‍ഡുകള്‍ അടിച്ചുനേടി പാഡഴിച്ചിട്ട് ഏഴ്‌ വര്‍ഷം പിന്നിടുമ്പോഴും പലതിനും ഇന്നും ഇളക്കം തട്ടിയിട്ടില്ല. 1973 ഏപ്രില്‍ 24ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. സ്‌കൂള്‍ കാലഘട്ടം മുതല്‍ ക്രിക്കറ്റ് മൈതാനങ്ങളില്‍ അത്ഭുതം സൃഷ്‌ടിച്ച താരം സെഞ്ച്വറി നേടിയാണ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തെ വരവേറ്റത്. അന്ന് തുടങ്ങിയ യാത്ര 2013 നവംബറില്‍ ഹോം ഗ്രൗണ്ടായ മുംബൈ വാഖഡെ സ്‌റ്റേഡിയത്തില്‍ അവസാനിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്നും സച്ചിനാണ് മുന്നില്‍. 463 ഏകദിന മത്സരങ്ങളില്‍ നിന്നും 18426 റണ്‍സും 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 15961 റണ്‍സും സച്ചിന്‍ നേടിയിട്ടുണ്ട്. ഏറെ ആഗ്രഹിച്ച ലോകകപ്പും സമ്മാനിച്ചാണ് സച്ചിനെ ഇന്ത്യന്‍ ടീം യാത്രയാക്കിയത്. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി രാജ്യവും അദ്ദേഹത്തെ ആദരിച്ചു.

ഇത്തവണ പിറന്നാള്‍ ആഘോഷമുണ്ടാകില്ലെന്ന് സച്ചിന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിള്‍ ആശംസകളുടെ പ്രളയമാണ്. ക്രിക്കറ്റ് താരങ്ങളും. ടെലിവിഷന്‍ ചാനലുകളും, സിനിമാ താരങ്ങളും, അടക്കം സമൂഹത്തിന്‍റെ എല്ലാ മേഖലയിലുമുള്ളവര്‍ ആശംസകളുമായിയെത്തിയിട്ടുണ്ട്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്‍ സെഞ്ച്വറി തികച്ച താരം എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഒരു പാഠപുസ്‌തകമാണ്. ഒപ്പം സൗമത്യ നിറഞ്ഞ സ്വഭാവം ഒരു നല്ല മനുഷ്യനുണ്ടാകേണ്ട മനോഭാവത്തെ ചെറുപ്പക്കാര്‍ കാണിച്ചുനല്‍കി. ഹെല്‍മറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടുള്ള ഒരു ചെറിയ വീഡിയോ പോലും സമൂഹമാധ്യമങ്ങളില്‍ തരംഗമായത് ആ സ്വാധീനത്തിന്‍റെ തെളിവാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൊതുങ്ങിയതിന്‍റെ വിഷമം ആരാധകര്‍ക്കുണ്ട്. എല്ലാവരും കാത്തിരിക്കുകയാണ് 2021 ഏപ്രില്‍ 24 നായി. സമാധാനമുള്ള, സന്തോഷമുള്ള ലോകത്ത് പാജിയുടെ പിറന്നാള്‍ ദിനം മനസ് തുറന്ന് ആഘോഷിക്കാന്‍.

ABOUT THE AUTHOR

...view details