കേരളം

kerala

ETV Bharat / sports

മാനസിക സമ്മർദത്തെതുടർന്ന് ഗ്ലെന്‍ മാക്‌സ് വെല്ലിന് വിശ്രമം - ഗ്ലെന്‍ മാക്‌സ് വെല്‍ കളംവിടുന്നു വാർത്ത

ഗ്ലെന്‍ മാക്‌സ് വെല്ലിന് വിശ്രമമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വെള്ളിയാഴ്‌ച്ച മെല്‍ബണില്‍ ഡാർസി ഷോർട്ട് ടീമിനൊപ്പം ചേരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഗ്ലെന്‍ മാക്‌സ് വെല്‍

By

Published : Oct 31, 2019, 1:11 PM IST

ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ് വെല്‍ കളിക്കളത്തില്‍ നിന്നും അനിശ്ചിത കാലത്തേക്ക് വിട്ടുനില്‍ക്കുന്നു. കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് തീരുമാനം. മാക്‌സ് വെല്ലിനെ ട്വന്‍റി-20 ടീമില്‍ നിന്നും മാറ്റി നിർത്തിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും വ്യക്തമാക്കി. ശ്രീലങ്കക്ക് എതിരായ മൂന്നാം ട്വന്‍റി-20 മത്സരത്തില്‍ മാക്‌സ് വെല്ലിന് പകരം ഡാർസി ഷോർട്ട് ടീമിനൊപ്പം ചേരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു.

കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് മാക്‌സ് വെല്‍ ക്രീസ് വിടുന്നതെന്ന് ടീം സൈക്കോളജിസ്‌റ്റ് മൈക്കിൾ ലോയിഡ് പറഞ്ഞു. താരങ്ങളുടെ ആരോഗ്യത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. മാക്‌സ് വെല്ലിന്‍റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വകാര്യത എല്ലാവരും മാനിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. മാക്‌സ് വെല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കുടുബത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും അധികം താമസിയാതെ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൈക്കിൾ ലോയിഡ് പറഞ്ഞു.

അഡ്‌ലെയ്‌ഡില്‍ നടന്ന ശ്രീലങ്കക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 പന്തില്‍ 62 റണ്‍സെടുത്ത് മാക്‌സ് വെല്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഏഴ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. എന്നാല്‍ ബുധനാഴ്ച്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും ബാറ്റ് ചെയ്തിരുന്നില്ല. വെള്ളിയാഴ്‌ച്ച മെല്‍ബണില്‍ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര ഇതിനകം ഏകപക്ഷീയമായ രണ്ട് ജയങ്ങളിലൂടെ ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details