ന്യൂഡല്‍ഹി:ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ട ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കർ. ആറ് ഇന്ത്യന്‍ താരങ്ങളും അഞ്ച് പാകിസ്ഥാന്‍ താരങ്ങളുമാണ് ടീമിലുള്ളത്. ഒരുമിച്ച് കളിക്കുന്നത് കാണാന്‍ ഇഷ്‌ടപ്പെടുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് ഗവാസ്‌കർ ടീമിനെ രൂപികരിച്ചത്. എന്നാല്‍ ഇത് മികച്ച ടീമല്ലെന്നും അദ്ദേഹം പറയുന്നു. മുന്‍ പാകിസ്ഥാന്‍ താരം റമീസ് രാജക്ക് ഒപ്പം ടിവി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗവാസ്‌കര്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഇന്ത്യ-പാകിസ്ഥാന്‍ ഇലവനുമായി ഗവാസ്‌കർ - സച്ചിന്‍ വാർത്ത ഇന്ത്യ-പാക് ഇലവന്‍ വാർത്ത
സച്ചിനും സേവാഗും കപില്‍ദേവും ഉൾപ്പെടെ ആറ് ഇന്ത്യന്‍ താരങ്ങളാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്
മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ വീരേന്ദര്‍ സേവാഗിനൊപ്പം പാകിസ്ഥാന്‍ ഇതിഹാസം ഹനീഫ് മുഹമ്മദ് ഓപ്പണറാകും. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമാണ് ഹനീഫ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ശേഷം ട്രിപ്പിൾ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്ററെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്. സുനില്‍ ഗവാസ്‌കർക്കും സച്ചിന്‍ ടെന്‍ഡുല്‍ക്കർക്കും മുമ്പേ ലിറ്റില്‍ മാസ്റ്റർ എന്ന ബഹുമതി സ്വന്തമാക്കിയത് ഹനീഫ് മുഹമ്മദാണ്.
മുന്‍ പാക് താരം സഹീര്‍ അബ്ബാസാണ് മൂന്നാമന്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ പിന്നാലെ എത്തും. ഗുണ്ടപ്പ വിശ്വനാഥ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സയ്യിദ് കിര്‍മാനി, വസിം അക്രം, അബ്ദുള്‍ ഖാദിര്‍, മുന്‍ ഇന്ത്യന്‍ സ്പിന്നർ ബി എസ് ചന്ദ്രശേഖര്‍ എന്നിവരാണ് ടീമിലെ മറ്റുതാരങ്ങള്‍.