2019ലെ ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയസാധ്യത കല്‍പിച്ച് ഇന്ത്യൻ മുൻ നായകൻ സുനില്‍ ഗവാസ്കർ. കഴിഞ്ഞ ലോകകപ്പുകളില്‍ ആതിഥേയർ കപ്പുയർത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു ഗവാസ്കറിന്‍റെ പ്രസ്താവന. കഴിഞ്ഞ ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ താൻ പറഞ്ഞത് വ്യക്തമാകുമെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷണറുടെ വസതിയില്‍ വച്ച് സുനില്‍ ഗവാസ്കർ പറഞ്ഞു.
ലോകകപ്പ് കിരീടസാധ്യത ഇംഗ്ലണ്ടിന്: ഗവാസ്കർ
ലോകകപ്പില്‍ ആതിഥേയർക്ക് ജയസാധ്യത കൂടുതലെന്നും ഗവാസ്കർ.
2011 ലോകകപ്പ് ആതിഥേയരായിരുന്ന ഇന്ത്യയാണ് നേടിയത്. 2015ല്‍ ഓസ്ട്രേലിയ ആതിഥേയരായപ്പോൾ അവർ ജേതാക്കളായി. ഇതെല്ലാം കണക്കിലെടുത്ത് വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് ജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവാസ്കർ പറഞ്ഞു. മത്സരങ്ങൾ അവരുടെ നാട്ടിലാണ് നടക്കുന്നത്, അതുകൊണ്ട് സാഹചര്യങ്ങളെ നല്ല രീതിയില്‍ അവർക്ക് ഉപയോഗപ്പെടുത്താനാകുമെന്നും ഗവാസ്കർ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഇംഗ്ലണ്ട് ജയിക്കുമെന്ന് താൻ പറയുന്നില്ല, കിരീട സാധ്യത അവർക്കുണ്ടെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്നും സുനില്‍ ഗവാസ്കർ കൂട്ടിച്ചേർത്തു. മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയില്‍സിലുമായി പന്ത്രണ്ട് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.