ബാർബഡോസ്:രാം നരേഷ് സര്‍വനും ജമൈക്ക തല്ലവാസിനും എതിരായ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ഇരുവര്‍ക്കുമെതിരായ തന്‍റെ പരാമര്‍ശങ്ങള്‍ കൊവിഡിനേക്കാള്‍ മോശമാണെന്ന് ഗെയില്‍ പറഞ്ഞു. എന്നാല്‍ ജമൈക്ക ടീമില്‍ നിന്നും വിട്ട് വന്നപ്പോഴുള്ള ദേഷ്യത്തില്‍ പറഞ്ഞ നിലപാടുകളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗെയില്‍ പറയുന്നു.
സര്‍വനും ജമൈക്ക ടീമിനും എതിരായ പരാമര്‍ശങ്ങളില്‍ വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നടപടി എടുക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഗെയില്‍ ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ നടപടിയുണ്ടാവാന്‍ ഇടയില്ല.
എന്തുകൊണ്ട് ജമൈക്ക ടീം വിട്ടു എന്നത് ആരാധകര്‍ക്ക് മുന്‍പില്‍ വിശദീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ആ വീഡിയോകളുമായി എത്തിയതെന്ന് ഗെയില്‍ ക്ഷമാപണത്തിന്‍റെ ഭാഗമായി പറഞ്ഞു. സബീന പാര്‍ക്കിലെ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കളിച്ച് സിപിഎല്‍ കരിയര്‍ അവസാനിപ്പിക്കണമെന്നത് സ്വപ്‌നമായിരുന്നു. എന്നാല്‍ അവരുടെ പെരുമാറ്റത്തിലുള്ള പ്രതിഷേധം കാരണമാണ് അത്തരം പരാമർശം എന്നില്‍ നിന്നും ഉണ്ടായത്. അതിലെല്ലാം താന്‍ ഉറച്ച് നില്‍ക്കുന്നു. തന്‍റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ് അതെന്നും ഗെയില്‍ പറഞ്ഞു.
എന്നാല്‍ തന്‍റെ പരാമര്‍ശങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനും, സിപിഎല്ലിനും ഗുണം ചെയ്യില്ലെന്നും ഗെയില്‍ അംഗീകരിക്കുന്നു. സിപിഎല്ലിനെ അപമാനിക്കാന്‍ ഉദ്ധേശിച്ചിട്ടില്ല. കരീബിയന്‍ ആരാധകര്‍ക്ക് മുന്‍പില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ഗെയില്‍ കൂട്ടിച്ചേർത്തു. നേരത്തെ വിവാദ വീഡിയോയില്‍ ഒരുവേള വിന്‍ഡിസ് മുന്‍ മധ്യനിര ബാറ്റ്‌സ്മാനായ സര്‍വനെ ഗെയില്‍ പാമ്പ് എന്ന് വിശേഷിപ്പിച്ചിരുന്നു.